flood

കോഴഞ്ചേരി : ആറന്മുള പഞ്ചായത്തിലെ എഴിക്കാട് കോളനിയിൽ

കൊവിഡ് വ്യാപന ഭീതിയ്ക്കിടെ പ്രളയഭീഷണിയും. 65 പേർക്കാണ് ഇതുവരെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളും മാറ്റിപ്പാർപ്പിക്കലും തുടരുന്നതിനിടെയാണ് മഴ തുടങ്ങിയത്. പമ്പാ നദി കരകവിഞ്ഞാൽ വെള്ളം ആദ്യം നിറയുന്ന ഏതാനും പ്രധാന പ്രദേശങ്ങളിലൊന്നാണ് ഇവിടം.

കോളനിക്ക് സമീപത്തെ പുഞ്ചയിലേക്ക് ഒഴുകി നിറയുന്ന വെള്ളം എതു നിമിഷവും കോളനിയിലേക്ക് കയറാം. കൊവിഡ് ബാധിതരെയും ക്വാറന്റൈനിൽ കഴിയുന്നവരെയും പ്രത്യേകം മാറ്റിപ്പാർപ്പിക്കുന്നതിനൊപ്പം വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുടുംബങ്ങളെയും ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി.

വല്ലന ഗവ.എസ്.എൻ.ഡി.പി.യു.പി സ്കൂൾ, കോട്ട ഡി.വി.എൽ.പി സ്കൂൾ, മണപ്പള്ളി സെന്റ് മേരീസ് എം.ടി.എൽ.പി.സ്കൂൾ, കുറിച്ചി മുട്ടം സെന്റ് മേരീസ് കത്തോലിക്കാ പള്ളി ഓഡിറ്റോറിയം , വല്ലന ടി.കെ.എം.ആർ.എം.വി.എച്ച്.എസ്.സി സ്കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നത്. ഇതിൽ വല്ലന എസ്.എൻ.ഡി.പി സ്കൂളിൽ കൊവിഡ് ബാധിതരെ താമസിപ്പിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ വഴി രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 24 മണിക്കൂറും ഇവിടെ ആംബുലൻസിന്റെ സേവനവും പ്രയോജനപ്പെടുത്തും. 100 കിടക്കകളുള്ള ഡൊമിസിലിയറി കെയർ സെന്റർ ഇന്ന് മുതൽ ആറന്മുള എൻജിനീയറിംഗ് കോളജിൽ പ്രവർത്തനം തുടങ്ങും.

പ്രളയഭീതി മറികടന്ന് തീരവാസികൾ

ന്യൂനമർദ്ദത്തെ തുടർന്ന് രൂപപ്പെട്ട മഴയ്ക്ക് ഇന്നലെ പകൽ നേരിയ ശമനമായതാണ് നദീതീരത്ത് താമസിക്കുന്നവർക്ക് ആശ്വാസമായത്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ പമ്പാനദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഇടയാറന്മുള ആഞ്ഞിലിമൂട്ടിൽ കടവ് പാലം മുതൽ ഇടപ്പാവൂർ വരെയുള്ള ഭാഗങ്ങളിൽ തീരവാസികൾ ചിലർ വീട്ടുസാധനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. പ്രളയഭീഷണിയിൽ ഏതാനും കുടുംബങ്ങൾ ബന്ധുവീടുകളിലും അഭയം തേടി. എന്നാൽ കിഴക്കൻ വനമേഖലയിൽ മഴ ശക്തമായാൽ ജലനിരപ്പ് വർദ്ധിക്കും. കേന്ദ്ര ജല കമ്മിഷന്റെ കണക്ക് പ്രകാരം പമ്പാനദിയിലെ ജലവിതാനം മാലക്കരയിലെ കേന്ദ്രത്തിൽ ഇന്നലെ രേഖപ്പെടുത്തിയത് 4.29 മീറ്ററാണ്. അപകട ലെവൽ 6 മീറ്ററിലാണ് തുടങ്ങുന്നത്. വഞ്ചിത്ര , ആറന്മുള, തോട്ടപ്പുഴശ്ശേരി, അയിരൂർ പഞ്ചായത്തുകളിലെ പുഞ്ചപ്പാടങ്ങൾ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഇവിടങ്ങളിൽ കൃഷിയിടങ്ങളും വെള്ളത്തിലായി.