a
ജനകീയ അടുക്കള നടത്തിക്കൊണ്ട് പോകുന്ന സ്ത്രീകൾ ഭക്ഷണപ്പൊതി തയ്യാറാക്കുന്നു

ചെങ്ങന്നൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത അനാസ്ഥ കാണിക്കുന്ന ചെങ്ങന്നൂർ നഗരസഭ ഭക്ഷണ വിതരണത്തിനും വിലക്ക് കൽപ്പിക്കുന്നു. നഗരസഭയിലെ ജനകീയ അടുക്കള പ്രവർത്തനം നഗരസഭയുടെ നിസഹകരണം കാരണം നിറുത്തുന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ കൊവിഡ് പ്രതിരോധരംഗത്ത് നഗരസഭ അനാസ്ഥ തുടരുകയാണെന്ന ആരോപണം വ്യാപകമാണ്. കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന നഗരസഭയിലെ ജനകീയ അടുക്കളയുടെ പ്രവർത്തനം നിറുത്തേണ്ടി വരുമെന്ന് നടത്തിപ്പുകാരായ കുടുംബശ്രീ പ്രവർത്തകർ തന്നെയാണ് പറയുന്നത്. വാർഡുകളിൽ നിന്നും വിശന്നിരിക്കുന്നവരുടെ ഓർഡർ എടുക്കുന്നതിലും ആവശ്യമായ പണം അനുവദിക്കുന്നതിലും തികഞ്ഞ അനാസ്ഥയാണ് നഗരസഭ കാണിക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു. തൊട്ടടുത്ത നഗരസഭകളിലും പഞ്ചായത്തുകളിലും 500ന് മുകളിൽ ഉച്ചഭക്ഷണ ഓർഡറുകൾ ജനകീയ അടുക്കളകൾക്ക് കിട്ടുമ്പോൾ ഇവിടെ 10ൽ താഴെയാണ് മിക്ക ദിവസവും ഓർഡർ. അത്രയും പേർക്ക് മാത്രം ഭക്ഷണം നൽകിയാൽ മതിയെന്നാണ് നഗരസഭയുടെ നിർദ്ദേശം.


കുടുംബശ്രീ യൂണിറ്റിന് പണം കൊടുക്കാൻ ബാക്കി


ജനകീയ അടുക്കളയുടെ പ്രവർത്തനത്തിൽ സബ്‌സിഡി ഇനത്തിൽ മാത്രം രണ്ടര ലക്ഷം രൂപ ഈ കുടുംബശ്രീ യൂണിറ്റിന് നഗരസഭ നൽകാനുണ്ട്. അടുക്കള നടത്തിപ്പിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ പോലും ഒരുക്കാതെയാണ് നഗരസഭ ജനകീയ അടുക്കള പ്രവർത്തനം തുടങ്ങാൻ കുടുംബശ്രീ യൂണിറ്റിനോട് ആവശ്യപ്പെട്ടത്. ഇപ്പോൾ കുടുംബശ്രീ സി.ഡി.എസിൽ നിന്നും ലോൺ എടുത്താണ് സാധാരണക്കാരായ കുറച്ച് സ്ത്രീകൾ ഈ ജനകീയ അടുക്കള നടത്തിക്കൊണ്ട് പോകുന്നത്.


വലിയ നഷ്ടം സഹിച്ച് അടുക്കള നിലനിറുത്താൻ കഴിയില്ല..

(കുടുംബശ്രീ പ്രവർത്തകർ)