കോഴഞ്ചേരി : 2018 ലെ പ്രളയ ശേഷം സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പായിട്ടില്ലെന്ന് ആക്ഷേപം. എല്ലാ പഞ്ചായത്തുകൾക്കും വളളങ്ങൾ നൽകുമെന്നും രണ്ടും മൂന്നും പഞ്ചായത്തുകൾക്കായി സ്പീഡ് ബോട്ട്അനുവദിക്കുമെന്നും പ്രഖ്യാപനമുണ്ടായതല്ലാതെ പദ്ധതികളൊന്നും ഇതുവരെ വെള്ളം തൊടാത്തതിലാണ് നദീതീരവാസികളിൽ പ്രതിഷേധവും ആശങ്കയും ഉയരുന്നത്.
വർഷങ്ങളായി തുടരുന്ന രീതിയാണ് ഇപ്പോഴുമുള്ളത്. നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ വെളളം കയറുന്ന വീട്ടുകാർ അവരുടെ വീട്ടു സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ച ശേഷം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയാണ് പതിവ്. ഇപ്പോൾ ജലനിരപ്പ് ഉയർന്നാലും ഇത് മാത്രമാണ് പോംവഴി.
കനത്തമഴക്കാലത്ത് അയിരൂർ, തോട്ടപ്പുഴശേരി, ചെറുകോൽ, കോഴഞ്ചേരി, കോയിപ്രം, ആറന്മുള പഞ്ചായത്തുകളിലെ തീരദേശ മേഖലകളാണ് ഏറ്റവും കൂടുതൽ പ്രളയഭീഷണി നേരിടുന്നത്.