മണിയാർ : മഴക്കാലം വന്നതോടുകൂടി മണിയാർ ഡാമിന്റെ ഷട്ടറുകൾ നിരന്തരം പ്രവർത്തനരഹിതമാകുന്നത് മണിയാർ നിവാസികളെ ആശങ്കയിലാക്കുന്നു . ഒന്നാമത്തെ ഷട്ടർ പൂർണമായും പ്രവർത്തനരഹിതമാണ്. മൂന്നാമത്തെ ഷട്ടർ 20 സെന്റീമീറ്റർ മാത്രമേ ഉയർത്തുവാൻ കഴിയുന്നുള്ളൂ . കഴിഞ്ഞവർഷം കലിതുള്ളി മഴ കനത്തതോടെ മണിയാർ നിവാസികൾക്ക് ദുരിത വർഷമായിരുന്നു. ഇതിനു മുമ്പുണ്ടായ പ്രളയത്തിൽ ഡാമിന്റെ പ്രദേശത്തുള്ള സംരക്ഷണ ഭിത്തികൾ തകർന്നു വീണിരുന്നു. അവശിഷ്ടങ്ങൾ ജലത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തി കുന്നുകൂടി കിടക്കുകയാണ്. കാലവർഷം വരുമ്പോൾ ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളം ഉയർന്നു ഒഴുകാൻ ഇത് കാരണമാകും .കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ ഇങ്ങനെയാണ് ഡാമിന്റെ താഴ്ന്ന പ്രദേശത്തെ വീടുകൾ പൂർണമായും തകർന്നത്. ചിലയിടങ്ങളിൽ വീടുകളിൽ വെള്ളം കയറിയിരുന്നു .മണിയാർ എവിടി ഫാക്ടറിയുടെ സംരക്ഷണ ഭിത്തിയും മെഷീനുകളും വെള്ളം കയറി തകരാറിലായിരുന്നു. ജലവൈദ്യുത പദ്ധതിയുടെ ഉള്ളിൽ വെള്ളം കയറി ജനറേറ്റർ തകരാറിലായി. പിന്നീട് തുറന്നു പ്രവർത്തിക്കാൻ കാലതാമസം എടുത്തു.ഡാമിന്റെ മുൻവശത്ത് കുന്നുകൂടിയ കല്ലുകളും മറ്റും നീക്കം ചെയ്താൽ ഏറെക്കുറെ വെള്ളം കയറുന്നത് ഒഴിവാക്കാൻ സാധിക്കും. ഇതേ സാഹചര്യം തന്നെയാണ് മറ്റു നദികളിലും. പ്രളയത്തിലെ അവശിഷ്ടങ്ങൾ കുന്നുകൂടി ജലാശയത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുമ്പോൾ കരകവിഞ്ഞൊഴുകാൻ കാരണമാവുന്നു. ഇത് നീക്കം ചെയ്താൽ പ്രളയം ഇല്ലാതാക്കാൻ കഴിയും. ജലസേചന വകുപ്പ് നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.