പള്ളിക്കൽ : ഡോക്ടറുടെ സേവനം പരിമിതം. പള്ളിക്കലിൽ മൃഗപരിപാലനരംഗത്ത് പ്രതിസന്ധി. ക്ഷീരമേഖലയിൽ തന്നെ 3600 പശുക്കൾ, എരുമയും പോത്തും 160, പാലുദ്പാദനത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം. പ്രത്യേക പരിഗണനയിൽ ക്ഷീരഗ്രാമമായി പ്രഖ്യാപനം. 23 വാർഡുകളിലേക്കും ആകെയുള്ളത് ഒരു ഡോക്ടർ. വാഹന സൗകര്യമില്ല. ആശുപത്രിയാണങ്കിൽ പള്ളിക്കൽ പഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് കൊല്ലം ,ആലപ്പുഴ ജില്ലാ അതിർത്തിയിൽ . ക്ഷീരമേഖലയെ ആശ്രയിച്ചു ഉപജീവനം നടത്തുന്ന 1800 കർഷകരുണ്ട് പള്ളിക്കലിൽ. അതുകൊണ്ട് തന്നെ പാലുത്പ്പാദനത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനവും പള്ളിക്കലിനാണ്. കർഷകരെ പ്രോത്സാഹിപ്പിക്കാനായി കഴിഞ്ഞ വർഷം ക്ഷീരഗ്രാമമായി സർക്കാർ പള്ളിക്കലിനെ പ്രഖ്യാപിച്ചു. പാലുത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആവശ്യത്തിന് ഡോക്ടറുടെ സേവനം ലഭിക്കാത്തത് കർഷകർക്ക് തിരിച്ചടിയാണ്. അടൂർ ഹൈസ്‌കൂൾ ജംഗ്ഷൻ മുതൽ പള്ളിക്കൽ പഞ്ചായത്ത് ആരംഭിക്കുന്നത്. ഇവിടെ നിന്ന് 17 കിലോമീറ്റർ അകലെയാണ് നിലവിലുള്ള മൃഗാശുപത്രി. കർഷകന് ആശുപതിയിലെത്തണമെങ്കിലോ ഡോക്ടർക്ക് കർഷകന്റെ അടുത്ത് എത്തണമെങ്കിലും പരിമിതികൾ ഏറെയാണ്.
ഹോസ്പിറ്റൽ, പോളിക്ലിനിക്കായി ഉയർത്തണം
ഹോസ്പിറ്റൽ, പോളിക്ലിനിക്കായി ഉയർത്തുകയാണ് മറ്റൊരു മാർഗം. അപ്പോൾ മൂന്ന് ഡോക്ടർമാരുടെയും മറ്റ് സ്റ്റാഫുകളുടെയും സേവനം ലഭിക്കും. അഞ്ച് സംഘങ്ങൾ പ്രവർത്തിക്കുന്നു. നേരത്തെ മിൽമ ഡോക്ടറെ നിയമിച്ചിരുന്നു. പള്ളിക്കൽ മേഖലയിൽ ഉണ്ടായിരുന്ന മിൽമയുടെ ഡോക്ടർക്ക് ജില്ലയുടെ കിഴക്കൻ മേഖലയിലെ ഒരു സംഘത്തിൽ അഡീഷണൽ ചാർജ് നൽകുകയും , അവിടുത്തെ സംഘം പ്രസിഡന്റുമായി ഉണ്ടായ പ്രശ്‌നങ്ങൾ കാരണം ഈ ഡോക്ടർക്കെതിരെ പരാതി നൽകി സ്ഥലം മാറ്റി. അതോടെ ഡോക്ടറുടെ സേവനവും നിറുത്തി. സ്ഥിരം ഡോക്ടറെ നിയമിക്കാൻ മിൽമക്ക് അധികാരമില്ലന്നും, കോൺടാക്ടടിസ്ഥാനത്തിലാണ് നേരത്തെ നിയമിച്ചിരുന്നതെന്നുമാണ് മിൽമ അധികൃതർ പറയുന്നത്. മിൽമ പത്തനംതിട്ട ഡയറി യൂണിറ്റിനു കീഴിൽ ഏഴ് ഡോക്ടർമാർ വേണ്ടിടത്ത് ഇപ്പോൾ രണ്ട് പേർ മാത്രമാണുള്ളത്.
ആട് ഗ്രാമം പദ്ധതിയും പള്ളിക്കലിൽ
ക്ഷീരഗ്രാമത്തിന് പുറമെ ആട് ഗ്രാമം പദ്ധതിയും പള്ളിക്കലുണ്ട്. പദ്ധതി പ്രകാരം തന്നെ 250 ആടുകൾ ഉണ്ട് . കൂടാതെ മറ്റ് വളർത്തുമൃഗങ്ങളുടെ ചികിത്സക്കായി ദിവസേന നൂറിലധികം ആളുകൾ ഒ.പിയിൽ എത്തുന്നു. രാവിലെ ഒ.പി.യിൽ ഇരുന്ന ശേഷം ഉച്ച കഴിഞ്ഞാണ് ഡോക്ടർ ഫീൽഡിൽ പോകുന്നത്.
പള്ളിക്കലിൽ ഹോസ്പിറ്റൽ അപ്‌ഗ്രേഡ് ചെയ്ത് കൂടുതൽ ഡോക്ടർമാരെ നിയമിച്ചില്ലങ്കിൽ ക്ഷീരമേഖല കൂടുതൽ പ്രതിസന്ധിയിലാകും.
--------------------------------
ജില്ലയിലെ ഏറ്റവും കൂടുതൽ ക്ഷീര കർഷകർ പള്ളിക്കലാണ്. ഏതാനും മാസങ്ങൾക്കകം തന്നെ പാലുദ്പാദനത്തിൽ പള്ളിക്കൽ സ്വയം പര്യാപ്തത കൈവരിക്കും. ആവിശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ്. ഹോസ്പിറ്റൽ അപ്‌ഗ്രേഡ് ചെയ്യാൻ നടപടി സ്വീകരിക്കണം.
സി.ആർദിൻ രാജ്,
(സെക്രട്ടറി ചെറുകുന്നം ക്ഷീരോദ്പാദക സഹകരണസംഘം)
--------------------------------
-3600 പശുക്കൾ, എരുമയും പോത്തും 160
-പാലുദ്പാദനത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം
-23 വാർഡുകളിലേക്കും ആകെയുള്ളത് ഒരു ഡോക്ടർ