vazha
പന്നിവിഴ കോക്കാട്ട് പടി ഏലായിലെ കുലച്ച ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞു വീണപ്പോൾ

അടൂർ: തോരാതെ പെയ്തു വന്ന മഴയ്ക്ക് നേരിയ ശമനമുണ്ടായി തുടങ്ങിയെങ്കിലും വെള്ളപ്പൊക്ക ഭീഷണിയുടെ വക്കിലാണ് താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങൾ. ഇടയ്ക്കിടെ പെയ്യുന്ന മഴ താഴ്ന്ന പ്രദേശങ്ങളെ ഭീതിയിലാക്കുന്നുണ്ട്. പള്ളിക്കൽ തോട്ടുവ, ഇളംപള്ളി ഭാഗങ്ങളിൽ അഞ്ചോളം വീടുകളിലും കുരമ്പാലയിൽ രണ്ട് വീടുകളിലും വെള്ളം കയറിയെങ്കിലും ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കേണ്ട സാഹചര്യം ഉടലെടുത്തിട്ടില്ലെന്ന് റവന്യൂ അധികൃതർ അറിയിച്ചു. പള്ളിക്കലാറ് കരകവിഞ്ഞതിനെ തുടർന്നാണ് തെങ്ങമം പ്രദേശത്ത് വെള്ളം കയറിയത്. അടൂർ നഗരസഭയിലെ 25-ാം വാർഡിൽപ്പെട്ട മൂന്നാളം കീഴൂട്ട് പടി ഭാഗത്ത് നാല് വീടുകളിൽ ശനിയാഴ്ച വെള്ളം കയറിയിരുന്നു. കാറ്റിൽ മരം ഒടിഞ്ഞ് വീണ് പന്തളം തെക്കേക്കര പഞ്ചായത്തിലെ കളരിയ്ക്കൽ രാഹുൽ ഭവനിൽ തങ്കമ്മയുടെ വീടും,​ റബർമരം ഒടിഞ്ഞു വീണ് മേലൂട് മുരളി സദനത്തിൽ ഗോപാലകൃഷ്ണൻ ഉണ്ണിത്താന്റെ വീടിന്റെ മേൽക്കൂരയും ഭാഗികമായി തകർന്നു. ഏറത്ത് പഞ്ചായത്തിലെ പുതുശേരി ഭാഗം വലിയപനങ്കാവിൽ അമ്പിളിയുടെ കാലപ്പഴക്കം ചെന്ന വീട് മഴയിൽ തകർന്നു വീണു. കാറ്റിൽ വ്യാപകമായ കൃഷി നാശവും വൈദ്യുതി തകരാറുമുണ്ട്. രാപകൽ വത്യാസമില്ലാതെ വൈദ്യുതി പുനസ്ഥാപിക്കുന്നതിനായി അശ്രാന്ത പരിശ്രമത്തിലാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ . പന്നിവിഴ കോക്കാട്ട് പടി ഏലായിൽ വീശിയടിച്ച ശക്തമായ കാറ്റിൽ മുകളിൽ വടക്കേതിൽ ബോബി മാത്തുണ്ണിയുടെ കുലച്ച 38 മൂട് ഏത്തവാഴ കാറ്റിൽ നശിച്ചു. വയലേലകളിൽ വെള്ളം കയറി കിടക്കുന്നതോടെ പച്ചക്കറി, മരച്ചീനി, വെറ്റിലകൊടി കൃഷികൾ നാശത്തിന്റെ വക്കിലാണ്.