പത്തനംതിട്ട : തോട് കരകവിഞ്ഞ് ഇരുപതോളം വീടുകളിൽ വെള്ളം കയറി. കോയിപ്രം പഞ്ചായത്തിലെ ഏഴാം വാർഡിൽ പുല്ലാട് തെറ്റുപാറ ഭാഗത്ത് പി.ഐ.പി കനാലിന് അടിയിലൂടെ ഒഴുകുന്ന ഇരപ്പൻ തോടാണ് ശക്തമായ മഴയിൽ കരകവിഞ്ഞത്. വെള്ളം ഒഴുകി പോകേണ്ട കനാലിന് അടിയിലൂടെയുള്ള തോട് മാലിന്യങ്ങളും ചപ്പുചവറുകളും തങ്ങി അടഞ്ഞു പോയതോടെ വീടുകളും സമീപ പ്രദേശങ്ങളും വെള്ളത്തിലായി. കഴിഞ്ഞ ദിവസം രാത്രി ഒന്നിനാണ് സംഭവം. ജെ.സി.ബി കൊണ്ടുവന്ന് വെള്ളം ഒഴുക്കി വിട്ടാണ് പ്രശ്നം പരിഹരിച്ചത്.
3 മാസങ്ങൾക്ക് മുമ്പ് 15 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് കനാലിന്റെ അടിയിലൂടെ ടണൽ നിർമ്മിച്ച് വെള്ളം ഒഴുകിപ്പോകുവാൻ സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ അശാസ്ത്രീയമായ നിർമ്മാണമായിരുന്നു എന്ന് ജനങ്ങൾ ആരോപിക്കുന്നു. 5 കിലോമീറ്റർ ദൈർഘ്യമുള്ള തോട്ടിലെ വെള്ളം ഒഴുകിപ്പോകുവാൻ ഈ സൗകര്യം അപര്യാപ്തമാണ്.