കൂടൽ: കൂടൽ പുന്നമൂട് റോഡിലെ പുലയ മുരുപ്പ് എസ്റ്റേറ്റ് ഭാഗത്തെ റോഡിൽ രാത്രികാലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. കലഞ്ഞൂർ പഞ്ചായത്തിലെ 18-ാം വാർഡിലുൾപ്പെട്ട ഈപ്രദേശത്ത് തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. കൂടൽ ഗവ: എൽ.പി.സ്‌കൂൾ മുതൽ പുന്നമൂട് വരെയുള്ള ഭാഗം വിജനമാണ് ലോക് ഡൗൺ കാലത്ത് ജനങ്ങൾ റോഡിലെക്കിറങ്ങാത്തതിന്റെ മറവിലാണ് ചാക്കിൽ കെട്ടിയ മാലിന്യം നിക്ഷേപിക്കുന്നത്. വാഹനങ്ങൾ കയറിയിറങ്ങി മലിന്യം റോഡിൽ ചിതറി കിടക്കുന്നതും പതിവാണ്. തുടർച്ചയായി മാലിന്യം നിക്ഷേപിക്കുന്നതു മൂലം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. സമീപത്ത് തന്നെയുള്ള ബിവറേജസ് കോർപറേഷൻ ഔട്ട് ലറ്റിനു സമീപത്ത് തമ്പടിച്ചിട്ടുള്ള തെരുവ് നായ്ക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. രാത്രികാലങ്ങളിൽ തെരുവുനായ്ക്കൾ ബൈക്ക് യാത്രക്കാരെ ആക്രമിക്കുന്നതും ഇവിടെ പതിവായി മാറിയിട്ടുണ്ട്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ ഫോറം സംസ്ഥാന സെക്രട്ടറി കൂടൽ നോബൽകുമാർ ആവശ്യപ്പെട്ടു.