തിരുവല്ല: കനത്തമഴയിലും കാറ്റിലും നെടുമ്പ്രത്ത് വീട് പൂർണമായും തകർന്നു. നെടുമ്പ്രം പത്താം വാർഡിൽ കാട്ടിക്കുന്നിൽ തോട്ടത്തറയിൽ വീട്ടിൽ ബാലകൃഷ്ണന്റെ വീടാണ് ഇന്നലെ രാവിലെ തകർന്നു വീണത്. മേൽക്കൂരയ്ക്കടിയിൽ നിന്നും ബാലകൃഷ്ണനും രോഗിയായ ഭാര്യ അംബികയും മൂന്നു മക്കളും കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. സംഭവമറിഞ്ഞ് നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ പ്രസന്നകുമാരി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം ബിനിൽ കുമാർ എന്നിവർ സ്ഥലത്തെത്തി. താമസ യോഗ്യമല്ലാതായ വീട്ടിൽ നിന്നും കുടുംബാംഗങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയതായി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ പ്രസന്നകുമാരി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പഞ്ചായത്തിലെ 12-ാം വാർഡിൽ താമസിക്കുന്ന വാലയിൽ ചാക്കോ ചെറിയാന്റെ വീടിനും നാശനഷ്ടങ്ങൾ സംഭവിച്ചു.