തിരുവല്ല: ശക്തമായ കാറ്റിലും മഴയിലും കുറ്റൂർ പഞ്ചായത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം. ഏത്തവാഴ, മരച്ചീനി എന്നി കൃഷികളാണ് വ്യാപകമായി നശിച്ചത്. പച്ചക്കറികൾ, കരിമ്പ് എന്നിവയ്ക്കും നാശം സംഭവിച്ചിട്ടുണ്ട്. മഴക്കാലം ശക്തിപ്രാപിക്കും മുമ്പേ വിളവെടുക്കാമെന്ന പ്രതീക്ഷയിൽ നേരത്തെ കൃഷി ചെയ്ത കർഷകർക്കാണ് മേയിൽ അപ്രതീക്ഷിതമായെത്തിയ കനത്തമഴ നാശം വിതച്ചത്. വെൺപാല പാലമൂട്ടിൽ മനോജിന്റെ ആയിരത്തിലധികം കുലച്ച ഏത്ത വാഴകളാണ് വെള്ളം കയറി നശിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി വാഴത്തോപ്പിലാകെ വെള്ളം നിറഞ്ഞു കിടക്കുകയാണ്. വെൺപാല തൈയ്യിൽ പുത്തൻപുരയിൽ സുജേഷിന്റെ ആയിരത്തോളം വാഴകളും കാറ്റിൽ ഒടിഞ്ഞ് നിലംപതിച്ചു. തെങ്ങേലി പരിയൻപേരിൽ പി.വി തോമസ്, പുതുവൽ വീട്ടിൽ കേശവൻ, പുതുവൽ വീട്ടിൽ രാമകൃഷ്ണൻ, വല്യാറ വീട്ടിൽ രാധാമണി, ആറ്റുമാലിൽ ചെറിയാൻ തുടങ്ങിയവരുടെ വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകൾക്കും നാശം സംഭവിച്ചു. കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ കുറ്റൂർ അസി. കൃഷി ഓഫീസർ പി.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഏകദേശം 25 ലക്ഷത്തോളം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തലെന്ന് കൃഷി ഓഫീസർ പറഞ്ഞു.