കടമ്പനാട്: തുവയൂരിൽ തുടർച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കം രോഗികൾ അടക്കമുള്ളവരെ ദുരിതത്തിലാക്കുന്നു. ടൗക് തേ ചുഴലിക്കാറ്റിൽ രണ്ടു ദിവസം തുടർച്ചയായി വൈദ്യുതി മുടങ്ങി. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി മുടങ്ങിയ വൈദ്യുതി ഇന്നലെ വൈകിട്ടാണ് പുന:സ്ഥാപിക്കാൻ കഴിഞ്ഞത്. കടമ്പനാട് കെ.എസ്.ഇ.ബി സെക്ഷൻ ഒാഫീസ് പരിധിയിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി തുടർച്ചയായി മുടങ്ങുകയാണ്. ഇതുകാരണം മരുന്നും ഭക്ഷണ സാധനങ്ങളും കേടാവുന്നതായി പരാതി വ്യാപകമാണ്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന വിലപിടിപ്പുള്ള മരുന്നുകൾ വൈദ്യുതി മുടക്കം കാരണം കേടാകുന്നത് രോഗികൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നു. കൊവിഡ് രോഗികൾക്ക് ആവി പിടിക്കേണ്ട മെഷിനുകളും പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. ഒാൺലൈൻ വെക്കേഷൻ ക്ളാസുകൾ നടത്താൻ കഴിയുന്നില്ല. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന മത്സ്യവും മാംസവും പാലും അടക്കമുള്ള ഭക്ഷ്യസാധനങ്ങൾ ഉപയോഗിക്കാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വരുന്നു.

നേരത്തെ വലിയ കാറ്റും മഴയും ഉണ്ടായാലും വൈദ്യുതി മുടങ്ങാത്ത പ്രദേശങ്ങളിൽ ഇപ്പോൾ രണ്ട് ദിവസത്തിലേറെ തുടർച്ചയായി വൈദ്യുതി ഇല്ലാതാകുന്നു. കാറ്റും മഴയും കാരണമാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം ആറ് ജനറേറ്ററുകൾ അടങ്ങുന്ന ഒരു ഫീഡറിന് തകരാർ സംഭവിച്ചിരുന്നു.