പള്ളിക്കൽ : കൊവിഡ് പ്രതിരോധം പള്ളിക്കൽ പഞ്ചായത്തിൽ നടപടികൾ കാര്യക്ഷമമാക്കി രണ്ടാംഘട്ടവ്യാപനത്തെ ചെറുക്കുന്നതിന് കർമ്മപദ്ധതി തയാറാക്കി പള്ളിക്കൽ ഗ്രാമപഞ്ചായത്ത്. ഏപ്രിൽ 27ന് ഡൊമിസിയലറി കെയർ സെന്റർ ആരംഭിച്ചു. 75 കിടക്കകൾ സജ്ജീകരിച്ചിരുന്നു. വാർഡ്തല ജാഗ്രതസമിതികൾ യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങളും രോഗികൾക്കുള്ള മരുന്ന്, ഭക്ഷണവിതരണ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു. പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു. ഡി.സി.സി യിലെ അന്തേവാസികൾക്കും ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും സൗജന്യമായി ഭക്ഷണ വിതരണം നടത്തിവരുന്നു. ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത്തല യോഗം ചേർന്നു .വാർഡ്തല ജാഗ്രതാസമിതികളുടെ പ്രവർത്തന നിരീക്ഷണത്തിനായി പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ മേയ് 17 മുതൽ 21വരെ യോഗങ്ങൾ ചേരുന്നതിന് തീരുമാനിച്ചു.പള്ളിക്കൽ കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലൻസിന് പുറമേ പഞ്ചായത്ത് നേരിട്ട് ഒരു ആംബുലൻസ് ഉൾപ്പെടെ നാലു വാഹനങ്ങൾ നിർദ്ധനരായ കൊവിഡ് രോഗികളുടെ യാത്രാ സൗകര്യത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. വാർഡ്തല ജാഗ്രതാ സമിതി അംഗങ്ങൾക്കും ആശാ പ്രവർത്തകർക്കും ഫെയ്‌സ് മാസ്‌ക്ക്, സാനിറ്റൈസർ, പൾസ് ഓക്‌സി മീറ്റർ, ഹാൻഡ് ഗ്ലൗസ് എന്നിവ പഞ്ചായത്ത് വാങ്ങി നൽകി. പഞ്ചായത്തുതല അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി.സന്തോഷ്, സെക്രട്ടറി ടി.എസ്.സജീഷ്, വൈസ് പ്രസിഡന്റ് എം.മനു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.ജഗദീശൻ എന്നിവർ പങ്കെടുത്തു.