18-krishnendu
കൃഷ്ണേന്ദു

കലഞ്ഞൂർ: വ്യക്തിഗത നേട്ടങ്ങളുടെ പ്രതിഫലം അപരന്റെ നന്മക്കായി നല്കി മാതൃകയാകുകയാണ് കൃഷ്‌ണേന്ദു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിസ്റ്റ്യൂട്ട് നടത്തിയ തളിര് സ്‌കോളർഷിപ്പ് പരീക്ഷയുടെ സമ്മാനത്തുകയായ ആയിരം രൂപ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കലഞ്ഞൂർ ഗവ.എച്ച്.എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സ്റ്റുഡന്റ് പൊലീസ് സീനിയർ കേഡറ്റുമായ കൃഷ്‌ണേന്ദു പഠനത്തോടൊപ്പം കലാമത്സരങ്ങളിലും മികവ് പുലർത്തുന്നു. ഇതിനകം വിവിധ ക്വിസ് മത്സരങ്ങളിൽ സംസ്ഥാനതല നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു ഈ കൊച്ചു മിടുക്കി. സ്‌കൂളിലെ മനോരമ നല്ലപാഠത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്‌നേഹവീട് നിർമ്മാണത്തിന് ജില്ലാ ലൈബ്രററി കൗൺസിലിന്റെ വായനാ മത്സരത്തിന്റെ ഒന്നാം സമ്മാനമായ മൂവായിരം രൂപ നല്കി. കഴിഞ്ഞ വർഷം മാങ്കോട് സ്‌കൂളിലെ കേഡറ്റിന്റെ ചികിത്സക്കായി എസ്.പി.സി.ജില്ലാതല ക്വിസിന്റെ ഒന്നാം സ്ഥാനത്തിനു ലഭിച്ച ആയിരം രൂപയും കൈമാറി.കൂടാതെ കുട്ടിപ്പോലീസ് ജില്ലാ തലത്തിൽ നടപ്പിലാക്കിയ സാമുഹ്യ സേവന പരിപാടികളായ പ്രളയ ദുരിതാശ്വാസം, കൊവിഡ് കാലത്തെ ഒരു വയർ ഊട്ടാം, പുത്തനുടുപ്പും പുസ്തകവും തുടങ്ങി എല്ലാ നന്മ പ്രവർത്തന ക്കൾക്കും തനിക്ക് ലഭിക്കുന്ന സമ്മാനത്തുക തുറന്ന മനസോടെ നല്കി കൃഷ്‌ണേന്ദു. കൂടൽ നെല്ലിമുരുപ്പ് ശ്രീനന്ദനത്തിൽ മഞ്ചേശ്വരം താലൂക്ക് ഓഫീസിലെ സീനിയർ ക്ലാർക്ക് സുധീഷ് കുമാറിന്റെയും കലഞ്ഞൂർ ഗവ എച്ച് എസിലെ അദ്ധ്യാപിക വി.അജിലിയുടേയും മകളാണ് ഈ മാതൃകാ വിദ്യാർത്ഥിനി. മൂന്നാം ക്ലാസുകാരി ദേവേന്ദു സഹോദരിയാണ്.