പത്തനംതിട്ട : കൊവിഡ് രണ്ടാം തരംഗത്തിലും ഭക്ഷണമെത്തിച്ച് ജില്ലാ സ്പോർട്സ് കൗൺസിൽ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ലോക്ക് ഡൗണിലും നിരവധിപേർക്ക് ആശ്വാസമായിരുന്നു സ്പോർട്സ് കൗൺസിലിന്റെ സാമൂഹിക അടുക്കള. ഇത്തവണ പത്തനംതിട്ട നഗരസഭയുടെ സഹായത്തോടെ ആരംഭിച്ച സാമൂഹിക അടുക്കളയിലൂടെ ദിവസവും 160 പേർക്കുള്ള ഭക്ഷണപ്പൊതികളാണ് സ്പോർട്സ് കൗൺസിൽ തുടക്കത്തിൽ നൽകിയിരുന്നത്. ഉദ്യോഗസ്ഥരെയും കൂടി ഉൾപ്പെടുത്തി ഇരുന്നൂറോളം പേർക്ക് നിലവിൽ ഭക്ഷണം എത്തിച്ചുകൊടുക്കുന്നുണ്ട്. ഇരവിപേരൂർ, പത്തനംതിട്ട എന്നിവിടങ്ങളിലെ നാലുപേരടങ്ങിയ പാചകക്കാരും ഒരു സഹായിയുമാണ് ഭക്ഷണങ്ങൾ തയ്യാറാക്കി നൽകുന്നത്. വാർഡ്തല സമിതികൾ മുഖാന്തരം, ഭക്ഷണം ആവശ്യമായവരുടെ ലിസ്റ്റ് അനുസരിച്ചും ക്വാറന്റൈനിൽ കഴിയുന്നവർക്കും നിരാലംബരായവർക്കുമാണ് സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഭക്ഷണം എത്തിച്ചു നൽകുന്നത്. .
ആദ്യഘട്ട കൊവിഡ് പ്രതിസന്ധി രൂക്ഷമായി നാട് ലോക്ക്ഡൗണിലായപ്പോൾ സ്പോർട്സ് കൗൺസിൽ അമ്പത്തിരണ്ട് ദിവസം സാമൂഹിക അടുക്കള നടത്തിയിരുന്നു . 375 പേർക്ക് അന്ന് ഭക്ഷണം നൽകിയിരുന്നു. ഇത്തവണ നഗരസഭയുമായി ചേർന്നാണ് സാമൂഹിക അടുക്കള പ്രവർത്തിക്കുന്നത്.ഇതിൽ ലോട്ടറി കച്ചവടക്കാരും ആശുപത്രി ജീവനക്കാരും വാക്സിൻ കേന്ദ്രവും എല്ലാം ഉൾപ്പെടുന്നുണ്ട്. പന്ത്രണ്ട് വോളണ്ടിയർമാരാണ് വിതരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
"ലോക്ക്ഡൗൺ കാലത്ത് നഗരസഭാ പരിധിയിലെ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ ഇരിക്കുന്നവർക്കും ആശ്രയമില്ലാത്തവർക്കും വെട്ടിപ്പുറം സ്‌പോർട്‌സ് കൗൺസിൽ ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയിൽ നിന്ന് ഭക്ഷണം എത്തിക്കുന്നുണ്ട്. സ്‌പോർട്‌സ് സംഘടനകൾ, സന്നദ്ധസംഘടനകൾ, ചില വാർഡ് കൗൺസിലർമാർ എന്നിവരുൾപ്പെടെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമൂഹ അടുക്കളയ്ക്കായി സഹായം നൽകുന്നു. "
കെ.അനിൽ കുമാർ
(പത്തനംതിട്ട സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് )