a

ചെങ്ങന്നൂർ : രണ്ടാംതവണയും ചെങ്ങന്നൂരിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ച സജി ചെറിയാൻ മന്ത്രിപദത്തിലേക്ക്. ചെങ്ങന്നൂർ മണ്ഡലത്തിൽ നിന്നുള്ള ആദ്യമന്ത്രിയാണ്. മധ്യതിരുവിതാംകൂറിന്റെ സിരാകേന്ദ്രമായിരുന്ന ചെങ്ങന്നൂരിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ സജി ചെറിയാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് നാട്. 43 വർഷത്തെ രാഷ്ട്രീയ, സംഘടന പ്രവർത്തനത്തിലും ജനപ്രതിനിധി എന്ന നിലയിലും സജി ചെറിയാൻ ചെങ്ങന്നൂരിന് സമ്മാനിച്ച വികസന പെരുമഴയാണ് പ്രതീക്ഷ കൂട്ടുന്നത്.

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായപ്പോൾ കൊഴുവല്ലൂർ ജനതാ വ്യവസായ സഹകരണ സംഘം രൂപീകരിച്ചു. സംഘത്തിന്റെ നേതൃത്വത്തിൽ ഡബിൾ ഡമ്മി ഓഫ്‌സെറ്റ് പ്രിന്റിംഗ് പ്രസ്സ് ആരംഭിച്ചു. ഇന്നും ഈ സ്ഥാപനം ലാഭകരമായി പ്രവർത്തിക്കുന്നു. കൂടാതെ റൈസ് പൗഡർ ആന്റ് സ്‌പൈസസ് യൂണിറ്റും ആരംഭിച്ചു. സംഘത്തിന്റെ പ്രസിഡന്റാണ് ഇപ്പോഴും.
നഷ്ടത്തിലായി തകർന്ന ചെങ്ങന്നൂർ അരീക്കര സഹകരണ ബാങ്കിനെ ഉയർത്തിയതും സജി ചെറിയാന്റെ ഭരണ മികവാണ്.

എം.എൽ.എ എന്ന നിലയിൽ മൂന്ന് വർഷക്കാലം ചെങ്ങന്നൂരിലെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പദ്ധതികൾക്ക് രൂപം നൽകി. സമ്പൂർണ്ണ മണ്ഡലതല കുടിവെള്ള പദ്ധതി, തരിശുരഹിത പദ്ധതി, ചെങ്ങന്നൂർ ബൈപ്പാസ് എന്നിവ യാഥാർത്ഥ്യമാക്കി. 100 കോടിയുടെ ജില്ലാ ആശുപത്രി സമുച്ചയം, പി.ഡബ്ലു.ഡി റോഡുകൾ, പാലങ്ങൾ, ഗ്രാമീണ റോഡുകൾ എന്നിവയുടെ നിർമ്മാണവും നടത്തി. അന്താരാഷ്ട്ര സ്റ്റേഡിയം, സെൻട്രൽ ഹാച്ചറി, ഐ.ടി.ഐ നവീകരണം, പൊതു ശ്മശാനം അടക്കം 2500 കോടി രൂപയുടെ വികസനത്തിന് തുടക്കമിട്ടു.

കൊഴുവല്ലൂർ തെങ്ങുംതറയിൽ പരേതനായ റിട്ട.സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ടി.ടി.ചെറിയാന്റെയും റിട്ട.പ്രധാനാദ്ധ്യാപിക ശോശാമ്മ ചെറിയാന്റെയും മകനായി 1965 ഏപ്രിൽ 12ന് ജനിച്ച സജി ചെറിയാൻ 1978ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തി. 1981ൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നിന്ന് ആദ്യമായി എസ്.എഫ്.ഐയുടെ ഒന്നാം വർഷ പ്രീഡിഗ്രി പ്രതിനിധിയായി. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ വിദ്യാഭ്യാസം നേടി. ഇപ്പോൾ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. ഭാര്യ: ക്രിസ്റ്റീന എസ്.ചെറിയാൻ. മക്കൾ: ഡോ.നിത്യ, ഡോ.ദൃശ്യ, ശ്രവ്യ (കാരക്കോണം മെഡിക്കൽ കോളേജ് 3ാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി). മരുമക്കൾ: അലൻ തോമസ് കണ്ണാട്ട് (എൻജിനീയർ), ജസ്റ്റിൻ പ്രദീപ് ഗ്രീൻവാലി എറണാകുളം (എൻജിനീയർ).


കരുത്തായി കരുണ

സജി ചെറിയാന് ജനകീയ അടിത്തറ നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രസ്ഥനമാണ് അദ്ദേഹം ചെയർമാനായുള്ള കരുണ പെയിൻ ആന്റ് പാലിയേറ്റിവ് സൊസൈറ്റി. 2014ലാണ് കരുണ രൂപീകരിച്ചത്. ചെങ്ങന്നൂർ മണ്ഡലം കേന്ദ്രീകരിച്ച് ആരംഭിച്ച ഈ സ്ഥാപനം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പാലിയേറ്റീവ് സൊസൈറ്റികളിൽ ഒന്നാണ്.