റാന്നി : അത്തിക്കയം , കടുമീൻചിറ റോഡിൽ യാത്ര ദുരിതമാകുന്നു. വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യം മനസിലാക്കി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ടാറിംഗിനായി അനുവദിച്ചെങ്കിലും ടെൻഡർ എടുക്കാൻ ആരും തയാറാകാതെ വന്നതോടെ ആ പദ്ധതി നടക്കാതെ പോയി. നാട്ടുകാർ പ്രതിഷേധം സംഘടിപ്പിക്കുകയും റോഡിലെ കുഴികൾ മണ്ണിട്ട് നികത്തുകയും ചെയ്തു. എന്നാൽ മഴ പെയ്യുന്നതോടെ ഇവിടെ ചെളി ആവുകയും യാത്ര ചെയ്യാൻ വളരെ ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു. മുൻ എം.എൽ.എ രാജു ഏബ്രഹാം ഇടപെട്ട് റീ ബിൽഡ് കേരള പദ്ധതിയിൽ പെടുത്തി ഉന്നത നിലവാരത്തിൽ റോഡ് പണിയുവാനുള്ള നടപടി സ്വീകരിക്കുകയും റോഡിന്റെ സർവേ പൂർത്തീകരിച്ചു കല്ലുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് വന്നതോടെ പെരുമാറ്റ ചട്ടത്തിൽ മുങ്ങി വീണ്ടും ഈ പദ്ധതി നീണ്ടു പോകുകയായിരുന്നു.
അപകടങ്ങൾ പതിവ്
റോഡിന്റെ ശോചനീയാവസ്ഥ കാരണം ഇരുചക്ര യാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇവിടെ നിയന്ത്രണം വിട്ട് വാഹന യാത്രക്കാർ വീണു പരിക്ക് പറ്റുന്നത് സ്ഥിരമാണ്. കടുമീൻചിറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, എസ്. എൻ സ്‌കൂൾ, കടുമീൻചിറ മഹാദേവ ക്ഷേത്രം, എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാത ആയതിനാൽ ഇനിയും വൈകാതെ റോഡ് പണി ആരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
-10 ലക്ഷം അനുവദിച്ചിട്ടും ടെൻണ്ടർ എടുക്കാനാളില്ല
-മഴ പെയ്താൽ ചെളിക്കുളം
- റോഡ് പണി ആരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തം