chitteyam

അടൂർ : ഹാട്രിക്ക് വിജയം നേടിയ ചിറ്റയം ഗോപകുമാർ ഇനി സംസ്ഥാന നിയമസഭയുടെ ഉപനാഥൻ. അടൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ ഡെപ്യൂട്ടി സ്പീക്കർപദവിയിലേക്ക് എത്തുന്ന ആദ്യവ്യക്തിയാണ്. ജില്ലയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കറും. 1957 മുതൽ അടൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ മന്ത്രി ആയത് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാത്രമായിരുന്നു. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് പ്രവേശിക്കുന്നത് അടൂരിന് ലഭിക്കുന്ന വലിയൊരു അംഗീകാരംകൂടിയാണ്. ജില്ലയിൽ സി.പി.ഐക്കുള്ള ഏക മണ്ഡലമാണ് അടൂരിലേത്. 96 മുതൽ തുടർച്ചയായി നാല് തിരഞ്ഞെടുപ്പുകളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൈപ്പിടിയിലൊതുക്കിയ മണ്ഡലത്തിൽ 2011ൽ ചിറ്റയം ഗോപകുമാർ കന്നിക്കാരനായെത്തി അടൂരിന്റെ ജനപ്രതിനിധിയാകുകയായിരുന്നു. മണ്ഡലത്തിലുടനീളം സജീവ സാന്നിദ്ധ്യമായി നിലകൊണ്ടതോടെ 2016ലെ തിരഞ്ഞെടുപ്പിൽ 25,460 വോട്ടുകളുടെ റെക്കാഡ് ഭൂരിപക്ഷത്തിൽ രണ്ടാംവിജയം ഉറപ്പാക്കി. അന്ന് ഡെപ്യൂട്ടി സ്പീക്കർ പദവിയോ, മന്ത്രിസഭയിൽ പ്രതിനിധ്യമോ ലഭിക്കുമെന്ന് കരുതിയങ്കിലും ലഭിച്ചില്ല. ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ്, ഇക്കുറി കടുത്ത മത്സരത്തെ നേരിട്ടിട്ടും തുടർച്ചയായ മൂന്നാം വിജയം കൈപ്പിടിയിലൊതുക്കാൻ സഹായകമായത്. കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് ചിറ്റയം എന്ന ഗ്രാമത്തിൽ നിന്ന് എത്തി അടൂരിന്റെ ഹൃദയം കവർന്ന ഇൗ ജനപ്രതിനിധി അടൂരിൽ സ്ഥിരതാമസത്തിനായി വീട് പണിയുകയാണ്.