പത്തനംതിട്ട : പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണത്തോടനുബന്ധിച്ച് മുടങ്ങിയ പഴവങ്ങാടി പഞ്ചായത്തിലെ കുടിവെള്ള വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കാൻ നിയുക്ത എം.എൽ.എ പ്രമോദ് നാരായൺ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റാന്നി വലിയ പാലം മുതൽ ചെത്തോംകര വരെയുള്ള ഭാഗത്തെ പൈപ്പ് ലൈനുകളാണ് തകരാറിലായിരിക്കുന്നത്. ഇതുമൂലം പൂഴിക്കുന്ന്, ചക്കിട്ടാംപൊയ്ക ഭാഗങ്ങളിൽ ഒരു മാസത്തോളമായി കുടിവെള്ള വിതരണം മുടങ്ങി കിടക്കുകയാണ്. ഇട്ടിയപ്പാറ ടൗണിലും ഐത്തല, മീമുട്ടു പാറ ഭാഗങ്ങളിലും ജലവിതരണം താറുമാറായി. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് എം.എൽ.എ വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അടിയന്തര യോഗം വിളിച്ചു ചേർത്തത്. റാന്നി മേജർ കുടിവെള്ള പദ്ധതിയുടെ ആനപ്പാറ മല ടാങ്കിൽ നിന്നും ഗ്രാവിറ്റി ലൈൻ വഴിയാണ് ഇട്ടിയപ്പാറയിലെ ആനത്തടം ടാങ്കിലും അവിടെനിന്ന് പൂഴിക്കുന്ന് ടാങ്കിലും വെള്ളമെത്തിക്കുന്നത്. റോഡ് നിർമ്മാണം നടക്കുന്നതിനാൽ ഗ്രാവിറ്റി ലൈനും സംസ്ഥാനപാതയിലെ വിതരണ കുഴലുകളും തകരാറിലാണ്. ആനത്തടം ടാങ്കിൽ നിന്നും പൂഴിക്കുന്ന് ടാങ്കിലേക്ക് വെള്ളം എത്തുന്നില്ല. ഒരാഴ്ചകൊണ്ട് ഗ്രാവിറ്റി ലൈൻ തകരാർ പരിഹരിച്ച് പൂഴിക്കുന്ന് ടാങ്കിൽ വെള്ളം എത്തിക്കാം എന്നാണ് യോഗത്തിൽ അധികൃതർ അറിയിച്ചത്. എന്നാൽ റോഡിലെ വിതരണ പൈപ്പുകളുടെ പണികൾ പൂർത്തിയാകണമെങ്കിൽ രണ്ടാഴ്ചയെങ്കിലും എടുക്കും. സ്ഥിരം പൈപ്പ് സ്ഥാപിക്കണമെങ്കിൽ ടൗണിലുള്ള പത്തോളം കലുങ്കുകളുടെ നിർമ്മാണം പൂർത്തിയാക്കേണ്ടതുണ്ട്. ലോക് ഡൗൺ സാഹചര്യം മുതലെടുത്ത് അടിയന്തരമായ ഇവിടങ്ങളിലെ കലുങ്കുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. ജലവിതരണത്തിന് സ്ഥിരം സംവിധാനത്തിന് കാലതാമസം നേരിടുമെങ്കിൽ താൽക്കാലിക സംവിധാനം വഴി പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണം നടത്തും.