road
നിരണം പഞ്ചായത്തിലെ എസ്.ബി.ടി പടി - തോട്ടുമട റോഡിലെ വെള്ളക്കെട്ട്

തിരുവല്ല: മഴ മാറിയെങ്കിലും അപ്പർകുട്ടനാടൻ മേഖലകളിൽ വെള്ളക്കെട്ടിന്റെ ദുരിതം ഒഴിയുന്നില്ല. പ്രദേശത്തെ മിക്ക റോഡുകളിലും വെള്ളം ഒഴിയാതെ കെട്ടിക്കിടക്കുന്നത് യാത്രാദുരിതത്തിന് കാരണമായി. നിരണം പഞ്ചായത്തിലെ എസ്.ബി.ടി പടി - തോട്ടുമട റോഡിൽ കല്ലിക്കോത്ത് പടി, ചാണ്ടിയോടത്ത് പടി, തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം വെള്ളക്കെട്ടാണ്. ഒരു മഴ പെയ്താൽ പോലും ഈ ഭാഗങ്ങളിൽ വെള്ളക്കെട്ടാണ്. പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് മഴക്കാലത്ത് മുങ്ങിപോകുന്ന അവസ്ഥയാണുള്ളത്. നാല് കിലോമീറ്ററോളം നീളമുള്ള റോഡിൻ്റെ പലഭാഗങ്ങളും താഴ്ന്ന് കിടക്കുന്നതിനാൽ നീന്തിയുള്ള യാത്രയാണ് ശരണം. ഇതുകാരണം റോഡിലെ ടാറിംഗും തകർച്ചയിലാണ്. നിരണം വലിയപള്ളി, തെറ്റാലിക്കൽ ദേവിക്ഷേത്രം, മുന്നിറ്റിമംഗലം ക്ഷേത്രം, മരുതുക്കാവ് ക്ഷേത്രം, പരുമല പള്ളി, ബാങ്കുകൾ, വില്ലേജ് ഓഫീസ്, വൈദ്യുതി ഓഫീസ്, മാവേലി സ്റ്റോർ, പോസ്റ്റ് ഓഫീസ്, മുണ്ടനാരി ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകാനുള്ള ഏകവഴിയും ഇതാണ്.

കാവുംഭാഗം -പെരിങ്ങര റോഡിലും വെള്ളക്കെട്ട്

കാവുംഭാഗം -പെരിങ്ങര റോഡിലും വെള്ളക്കെട്ടിന്റെ ദുരിതം യാത്രക്കാരെ വലയ്ക്കുന്നു. പെരിങ്ങര പഞ്ചായത്ത് ഓഫീസ് പടി, പെരിങ്ങര ജംഗ്‌ഷൻ എന്നിവിടങ്ങളിൽ ഇപ്പോഴും വെള്ളം ഒഴിഞ്ഞിട്ടില്ല. ദിവസവും വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന റോഡിന്റെ പലഭാഗത്തും കുഴികളും രൂപപ്പെട്ടിരിക്കുകയാണ്. ചാത്തങ്കരി ക്ഷേത്രം-വാളകത്തിൽ, എൺപതിൽ പടി, ചെറുമുട്ടാടത്ത് പടി റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ടിന്റെ തീരാദുരിതത്തിലാണ്.

-റോഡിന്റെ ടാറിംഗും തകർച്ചയിൽ

പലഭാഗങ്ങളും വലിയ കുഴി