20-ramavarma
രാമവർമ്മ വലിയ കോയിത്തമ്പുരാൻ

മലയാലപ്പുഴ: 125 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം. പിന്നീടത് പള്ളിക്കൂടങ്ങളിൽ പഠനഭാഗവുമായി. 'ചെങ്ങറയിലെ കൊലയാന' എന്ന പേരിൽ ആ പാഠം തലമുറകൾ പഠിച്ചു. രാജഭരണത്തിന്റെ നാളുകളിൽ കാർഷിക ഭൂമിയായ വടശേരിക്കര മേഖലയിലാണ് ചരിത്രം ഒാർമ്മപ്പെടുത്തുന്ന ആ സംഭവം ഉണ്ടായത്. കല്ലാറിന്റെ തീരത്തുള്ള കടവുപുഴ, ചെങ്ങറ പ്രദേശങ്ങളിൽ അക്കാലത്തു കാട്ടാന ശല്യം രൂക്ഷമായിരുന്നു. കർഷകർക്ക് ഏറുമാടങ്ങളായിരുന്നു അഭയം. പകൽ കൃഷിയിടങ്ങളിൽ പോകുന്നവർക്ക് ഭീഷണിയായി ഒറ്റയാനും വിഹരിച്ചു. ഒറ്റയാനെ നേരിടാൻ പോയ പലരും തിരികെ വന്നില്ല. മരത്തിന്റെ മുകളിൽ ഒളിച്ചിരുന്നവരെയും നേരിട്ട് എത്തിയവരെയും കാട്ടാന കൊലപ്പെടുത്തിയതായി അക്കാലത്തെ കോന്നിയിലെ മുഖ്യവനപാലകനായ പി.രാമൻ പിള്ളയുടെ ഓർമ്മക്കുറിപ്പിൽ പറയുന്നുണ്ട്. കർഷകരുടെ ദുരിതവും കാട്ടാന ശല്യവും കുറ്റാലത്തെ വേനൽക്കാല വസതിയിലായിരുന്നു തിരുവിതാംകൂർ റീജന്റ് റാണി സേതുലക്ഷ്മിഭായി തമ്പുരാട്ടിയെയും ഭർത്താവ് രാമവർമ്മ കോയിത്തമ്പുരാനെയും വനപാലകർ അറിയിച്ചു. ഉടൻ രാമവർമ്മ വടശേരിക്കരയിൽ എത്തി. വനപാലകരുടെ അകമ്പടിയോടുകൂടി വനത്തിലൂടെ കടവുപുഴയിലെത്തി കൃഷിഭൂമി സന്ദർശിച്ചു. ദുരിതം നേരിട്ട് മനസിലാക്കിയ രാമവർമ്മ കാട്ടാനയെ തുരത്താൻ ഇറങ്ങി. ഒന്നാംദിവസം വേട്ടസംഘത്തിന്റെ വരവ് മനസിലാക്കിയ ഒറ്റയാൻ പതുങ്ങി നിന്നു. ഒറ്റയാന്റെ മുന്നിൽ അകപ്പെട്ട രാമവർമ്മയെ കൂട്ടത്തിലുണ്ടായിരുന്ന ഒരു കർഷകത്തൊഴിലാളി രക്ഷപ്പെടുത്തുകയുമുണ്ടായി. മൂന്ന് ദിവസത്തെ രാപകൽ നീണ്ട പ്രയത്‌നത്തിനൊടുവിൽ ഒറ്റയാനെ വെടിവച്ചു കൊന്നു. നിലം പൊത്തിയ കൊമ്പന്റെ വലത്തേ കൊമ്പിനു 108 റാത്തലും ഇടത്തെ കൊമ്പിനു 98 റാത്തലും തൂക്കമുണ്ടായിരുന്നു. കാലമേറെ പിന്നിട്ടിട്ടും ചെങ്ങറയിലെ ഇൗ സംഭവം പഴമക്കാരുടെ ഒാർമ്മയിൽ ഒളിമങ്ങാതെയുണ്ട്.