കോന്നി : ജില്ലയിൽ നിന്നുള്ള ആരോഗ്യ മന്ത്രി എത്തുന്നതോടെ മലയോര ജില്ലയുടെ ചികിത്സാ തലസ്ഥാനമായ കോന്നി ഗവ.മെഡിക്കൽ കോളേജും ഉപകേന്ദ്രമായ കോന്നി താലൂക്ക് ആശുപത്രിയും
വികസന പൂർത്തീകരണ പ്രതീക്ഷയിലാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളേജിന്റെ ആദ്യഘട്ടം പൂർത്തിയാക്കി ഒ.പി, ഐ.പി വിഭാഗങ്ങൾ പ്രവർത്തനം തുടങ്ങി. രണ്ടാം ഘട്ടം വേഗത്തിൽ പൂർത്തിയാക്കി ആശുപത്രി പൂർണ സജ്ജമാക്കുകയും എം.ബി.ബി.എസ് പഠനം തുടങ്ങുകയുമാണ് ഇനിയുമുള്ള കടമ്പ. ജില്ലയിൽ നിന്നുള്ള മന്ത്രി എത്തുന്നതോടെ ഇത് കൂടുതൽ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. ഉപകേന്ദ്രമായ താലൂക്ക് ആശുപത്രിയും ഇതോടൊപ്പം വികസിക്കേണ്ടതുണ്ട്.
കോന്നി മെഡിക്കൽ കോളേജിൽ ഇനി നടക്കേണ്ടത്
രണ്ടാം ഘട്ടത്തിന്റെ ഭാഗമായി അക്കാദമിക്ക് ബ്ലോക്കിന്റെ എക്സ്റ്റൻഷൻ മൂന്ന് നിലയിൽ നിർമ്മിക്കേണ്ടതുണ്ട്. അഞ്ച് നിലയിലുള്ള ആൺകുട്ടികളുടെ ഹോസ്റ്റലിൽ 200 കുട്ടികൾക്കുള്ള താമസ സൗകര്യം തയാറാക്കണം. 235 പേർക്ക് താമസ സൗകര്യമൊരുക്കുന്ന പെൺകുട്ടികളുടെ ഹോസ്റ്റൽ അറ് നിലയിലാണ് നിർമ്മിക്കണം 11നിലകളിൽ നിർമ്മിക്കുന്ന ക്വാർട്ടേഴ്‌സിലാണ് എ,ബി,സി,ഡി എന്നീ നാല് വിഭാഗങ്ങൾ ഉൾപ്പെടുത്തേണ്ടത്. ഓരോ വിഭാഗത്തിലും 40 അപ്പാർട്ട്‌മെന്റുകൾ വീതം ഉണ്ടാക്കണം.1000 സീറ്റുകൾ ക്രമീകരിച്ചിട്ടുള്ള ഓഡിറ്റോറിയവും നിർമ്മിക്കണം.മോർച്ചറിയും പോസ്റ്റ്‌മോർട്ടം സൗകര്യങ്ങളും ക്രമീകരിച്ചിട്ടുള്ള ഓട്ടോപ്‌സി ബ്ലോക്ക്, ലോൺട്രി ബ്ലോക്ക് എന്നിവയും രണ്ടാം ഘട്ടത്തിൽ നിർമ്മിക്കേണ്ടതുണ്ട്. .രണ്ട് ലക്ഷം ലിറ്റർ ശേഷിയുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, 7000 ലിറ്റർ ശേഷിയുള്ള ഇഫ്‌ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, മഴവെള്ളം ശേഖരിക്കുന്നതിനുള്ള സംഭരണി തുടങ്ങിയവയും നിർമ്മിക്കണം. പ്രിൻസിപ്പലിന് താമസിക്കുന്നതിനുള്ള ഡീൻ വില്ല, 400 മീറ്റർ ട്രാക്കോടുകൂടിയ കളിസ്ഥലം തുടങ്ങിയവയും രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ്.
കോന്നി താലൂക്ക് ആശുപത്രിയിൽ
കഴിഞ്ഞ സർക്കാർ 10കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെട്ടെങ്കിലും പൂർത്തീകരിച്ചിട്ടില്ല.
പുതിയ അഞ്ചുനില കെട്ടിടം നിർമ്മിക്കണം.പുതിയ വെന്റിലേറ്റർ സൗകര്യമുള്ള ഐ.സി.യു ക്രമീകരിക്കണം. ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാർ ഉണ്ടെങ്കിലും, ലേബർറൂം ഇല്ലാത്തതിനാൽ ഡിപ്പാർട്ട്‌മെന്റിന് പ്രവർത്തിക്കാൻ കഴിയുന്നില്ല. ഇതിന് പരിഹാരമായി പുതിയ ലേബർ റൂം നിർമ്മിക്കണം. പുതിയ ഓപ്പറേഷൻ തീയറ്ററും നിർമ്മിക്കണം.വൃക്കരോഗികൾക്ക് ചികിത്സയ്ക്ക് കോന്നിയിൽ നിലവിൽ സൗകര്യമില്ല.അതിനായി ഡയാലിസിസ് യൂണിറ്റ് താലൂക്ക് ആശുപത്രിയിൽ ആരംഭിക്കണം.