പത്തനംതിട്ട: ആറൻമുളയുടെ എം.എൽ.എ വീണാ ജോർജ് ആരോഗ്യമന്ത്രിയാകുന്നതോടെ മെച്ചപ്പെടുന്നത് ജില്ലയുടെ ആരോഗ്യം കൂടിയാണ്. വിട്ടുമാറാത്ത കൊവിഡ് മഹാമാരിയോട് പൊരുതുകയാണ് നിയുക്ത മന്ത്രിയുടെ ആദ്യ ചുമതലയെങ്കിലും അതിനൊപ്പം ആരോഗ്യ സംവിധാനത്തെ മുഴുവൻ ശക്തിപ്പെടുത്തേണ്ടതുമുണ്ട്. നിയുക്തമന്ത്രിയുടെ ശ്രദ്ധയിൽ വരാൻ സ്വന്തം വകുപ്പിന് കീഴിലുള്ള ജില്ലയിലെ ആരോഗ്യ സംവിധാനത്തിന്റെ പരിമിതികൾ എന്തൊക്കെയെന്ന് ഒരന്വേഷണം:
പത്തനംതിട്ട ജനറൽ ആശുപത്രി.....(ചിത്രം)
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്ക് എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കാലപ്പഴക്കം ചെന്ന പഴയ കെട്ടിടത്തിലാണ് ഒ.പി ബ്ളോക്ക് പ്രവർത്തിക്കുന്നത്. കോൺക്രീറ്റുകൾ അടർന്നു വീണും ചോർന്നൊലിച്ചും ജീർണതയുടെ ലക്ഷണങ്ങൾ കാട്ടുന്ന കെട്ടിടത്തിലെ ഇടുങ്ങിയ ഇടനാഴികൾക്കരികിലാണ് ഡോക്ടർമാരുടെ കൺസൾട്ടൻസി മുറികൾ. ആശുപത്രിയിൽ തിരക്കേറിയാൽ ശ്വാസം മുട്ടി വേണം ഇവിടെ നിൽക്കാൻ. ഇപ്പോൾ കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചിട്ടുളളതിനാൽ രോഗികൾ എത്തുന്നില്ല. പുതിയ ഒ.പി ബ്ളോക്കിന് 10 കോടിയുടെ പദ്ധതി കടലാസിലുണ്ട്. വീണാജോർജ് കഴിഞ്ഞ തവണ എം.എൽ.എയായിരുന്നപ്പോൾ കൊണ്ടുവന്ന പദ്ധതി. നബാർഡ് മുഖേന ഫണ്ട് അനുവദിച്ചതാണ്. പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടർ നടപടികൾ മുടങ്ങി. വീണ ആരോഗ്യമന്ത്രിയാകുന്നതോടെ പുതിയ ഒ.പി ബ്ളോക്ക് കെട്ടിടം യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷ ഉയരുന്നു.
പൊളിഞ്ഞു വീഴാറായ പഴയ ഫാർമസി കെട്ടിടത്തിൽ ഒന്നാം നിലയിൽ ഇടുങ്ങിയ മുറിക്കുള്ളിലാണ് നേത്രവിഭാഗം പ്രവർത്തിക്കുന്നത്. ഡോക്ടറെ കാണാനുള്ള കാത്തിരിപ്പ് പടിക്കെട്ടുകളിൽ. വൃദ്ധരും അവശരുമായ രോഗികൾക്ക് പടികൾ കയറുന്നതിന് പ്രയാസം അനുഭവപ്പെടുന്നു. പുതിയ ഫാർമസി, നേത്രരോഗ വിഭാഗം, ആർ.എം.ഒ ക്വാർട്ടേഴ്സ് എന്നിവയ്ക്കായി പുതിയ കെട്ടിടം പണിയാനുള്ള ഒരു കോടിയുടെ പദ്ധതി നടപ്പായിട്ടില്ല.
ജനറൽ ആശുപത്രിയ്ക്ക് സൂപ്രണ്ടില്ലാതെയായിട്ട് മൂന്ന് വർഷമായി. പുതിയ സൂപ്രണ്ടിനെ നിയമിച്ച് മുൻ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ഉത്തരവിട്ടിരുന്നെങ്കിലും ചുമതലയേറ്റെടുത്തില്ല. കൊവിഡ് ഒന്നാം തരംഗത്തിന്റെ ആദ്യം റാന്നിയിൽ സ്ഥിരീകരിച്ചപ്പോൾ സൂപ്രണ്ടില്ലാതെയാണ് പ്രവർത്തനം മുന്നോട്ടു പോയത്. ജനറൽ ആശുപത്രിയെ കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചിട്ടും ഏകോപനത്തിന് സൂപ്രണ്ടില്ല. സൂപ്രണ്ട് ഇൻ ചാർജ് ഡോ.ജിബി വർഗീസ്, ആർ.എം.ഒ ഡോ.ആശിഷ് മോഹൻകുമാർ, കൊവിഡ് നോഡൽ ഒാഫീസർ ഡോ.ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്. സർജറി, അനസ്തേഷ്യ വിഭാഗങ്ങളിലെ മൂന്ന് ഡോക്ടർമാരുടെ ഒഴിവുകളും നികത്തിയിട്ടില്ല.