കോന്നി : കോന്നി - ആനക്കൂട് റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്കും നാട്ടുകാർക്കും ഒരേപോലെ ദുരിതമാകുന്നു. താലൂക്ക് ആശുപത്രി ജംഗ്ഷനിലും ആനക്കൂടിന് സമീപത്തും ജോയിന്റ് ആർ.ടി.ഓഫീസ് റോഡിലുമാണ് വെള്ളക്കെട്ട് കാരണം യാത്രക്കാരും സമീപ വാസികളും വ്യാപാരികളും ദുരിതത്തിലായിരിക്കുന്നത്. അടുത്തിടെ ഇതിന് പരിഹാരമായി ഇന്റർലോക്ക് കട്ടകൾ പാകി വെള്ളക്കെട്ടുള്ള ഭാഗങ്ങൾ ഉയർത്തുകയും ചപ്പാത്ത് നിർമ്മിക്കുകയും ചെയ്തെങ്കിലും പരിഹാരം കണ്ടെത്താനായിട്ടില്ല. പൂട്ടുകട്ടകൾ പലതും തകർന്നതും മണ്ണൊലിപ്പിൽ സമീപത്തുനിന്നും കല്ലുകളും മറ്റും ഒലിച്ച് റോഡിൽ ഇറങ്ങുന്നതും അപകട ഭീഷണിയും വർദ്ധിച്ചിട്ടുണ്ട്. ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും വാഹനങ്ങൾ പോകുമ്പോൾ കടകളിലേക്കും വീടുകളിലേക്കും വെള്ളം തെറിക്കുന്നതും പതിവാണെന്ന് സമീപവാസികൾ പറയുന്നു. കനത്ത മഴയിൽ ഓടകൾ അടഞ്ഞതും അശാസ്ത്രീയ നിർമ്മാണവുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഓട നിർമ്മാണത്തിനായി ആശുപത്രി ജംഗ്ഷനിൽ ഇറക്കിയിട്ടിരിക്കുന്ന കൂറ്റർ ഉരുളൻ സ്ളാബുകളും യാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നും യാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുന്ന കൂറ്റൻ ഉരുളൻ സ്ളാബുകൾ റോഡിൽ നിന്നും മാറ്റണമെന്നും പൊതുപ്രവർത്തകനായ എം.എ.ബഷീർ ആവശ്യപ്പെട്ടു.