റാന്നി: ഐത്തല പാലത്തിന്റെ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കൈവരി,സംരക്ഷണതൂണും, ചങ്ങലയും തകർന്നതിനാൽ അപകട സാദ്ധ്യതയേറുന്നു. റാന്നി ഐത്തല കിടങ്ങുമൂഴി റോഡിൽ ചെറുകുളഞ്ഞിയേയും, ഐത്തലയേയും ബന്ധിപ്പിക്കുന്നതാണ് ഐത്തല പാലം. ഇട്ടിയപ്പാറയിൽ നിന്നും, വടശേരിക്കരക്കുള്ള റോഡിൽ ഐത്തല പാലത്തിൽ നിന്നും റോഡ് രണ്ടായി പിരിഞ്ഞാണ് പോകുന്നത്. റാന്നിയിൽ നിന്നും വരുമ്പോൾ വലതു വശത്തേക്ക് മാറി പമ്പയാറിനെ സമാന്തരമായി തീരദേശ റോഡായി പോകുകയും, ഇടതു വശത്തേ റോഡ് കിടങ്ങുംമൂഴിയിലേക്കുമാണ്. ഇവിടെ രണ്ടും റോഡുകൾ സംഗമിക്കുന്ന ജംഗ്ഷൻകൂടിയാണ്. അൻപതോളം വർഷങ്ങൾക്ക് മുൻപ് റാന്നി ഇട്ടിയപ്പാറയിൽ നിന്നും, ഐത്തലക്കുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വികസിപ്പിച്ചതാണ് ഐത്തല റോഡിലെ ഈ പാലം. അന്ന് പാലം പണിതപ്പോൾ തന്നെ നിർമ്മിച്ച വശങ്ങളിലെ, കൈവരി സംരക്ഷണതൂണും ചങ്ങലയുമാണ് ഇപ്പോഴും നിലനില്ക്കുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലും നാലടിയോളം ഉയരത്തിലുള്ള കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് കട്ടിയുള്ള ചങ്ങല കൂട്ടിയോജിപ്പിച്ചാണ് സംരക്ഷണം ക്രമീകരിച്ചിരിക്കുന്നത്. പാലത്തിലും, ഇരുകരകളിലും അഞ്ച് മീറ്റർ ദൂരത്തിൽ ഇത്തരം സംരക്ഷണ കവചം തീർത്തിരുന്നെങ്കിലും ഇപ്പോൾ പാലത്തിലെയും, അതിനോട് ചേർന്ന് മൂന്നോ, നാലോ, തൂണിൽ മാത്രമേ ചങ്ങലനിലവിലുള്ളു. പാലത്തിന്റെ ചെറുകുളഞ്ഞികരയിൽ കിടങ്ങുമൂഴി റോഡിലേക്ക് തിരിയുന്ന ഭാഗത്തേ ചങ്ങലയും തൂണുമാണ് ഇല്ലാത്തത്.
കൈവരിസ്ഥാപിക്കണമെന്ന ആവശ്യം ശക്തം
അപകടം സൂചനയെന്ന നിലക്ക് ഈ ഭാഗത്ത്, നാട്ടുകാർ മുളയുടെ കമ്പ് കെട്ടിയിട്ടുണ്ട്. ഏതെങ്കിലും സമയത്ത്, ഇരുചക്രവാഹനങ്ങളോ, യാത്രക്കാരോ അറിയാതെ അപകടത്തിൽ പെട്ടാൽ തോട്ടിലേക്ക് വീഴുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇട്ടിയപ്പാറയിൽ നിന്നും, കിടങ്ങൂ മൂഴിക്ക് സർക്കാർ 5 കോടി രൂപക്ക് ഉന്നത നിലവാരത്തിൽ റോഡ്പണിയുകയാണ്. ഇക്കൂട്ടത്തിൽ ഈ പാലത്തിനോട് ചേർന്ന് പുതുതായി പാലം പണിയണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യം ഉന്നയിച്ചിരുന്നു.എന്നാൽ അക്കാര്യത്തിൽ മരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. കൈവരി തകർന്ന ഭാഗത്ത് അടിയന്തരമായി കൈവരിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.