ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ രണ്ടാമത്തെ ആംബുലൻസ് സർവീസ് ആരംഭിച്ചു. പുത്തൻകാവ് സെന്റ് ആൻഡ്രൂസ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ മൂന്ന് മാസത്തേയ്ക്ക് ആംബുലൻസ് നഗരസഭയ്ക്ക് സൗജന്യമായി വിട്ടു നൽകുകയായിരുന്നു. ഇതോടെ നഗരസഭ രണ്ട് ആംബുലൻസ് സർവീസുകളാണ് സൗജന്യമായി നടത്തുന്നത്. സർവീസിന്റെ ഫ്‌ളാഗ് ഓഫ് നഗരസഭാ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ് നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അർച്ചന കെ.ഗോപി അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ ഗോപു പുത്തൻ മഠത്തിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഷേർലി രാജൻ,പി.ഡി.മോഹനൻ, ശ്രീദേവി ബാലകൃഷ്ണൻ,പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഫാ.ബിജു ടി.മാത്യു, സെക്രട്ടറി ബാബു അലക്‌സാണ്ടർ കൗൺസിലർമാരായ കെ.ഷിബു രാജൻ, ശോഭ വർഗീസ്, റിജോ ജോൺ ജോർജ്,മിനി സജൻ,ടി.കുമാരി, സൂസമ്മ ഏബ്രഹാം, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഐവി ശശി, സൂപ്രണ്ട് വി.ബി.അജിത് കുമാർ, ജോൺ ഫിലിപ്പ് എന്നിവർ പങ്കെടുത്തു. നഗരസഭാ പ്രദേശത്തുളളവർ നഗരസഭാ കൺട്രോൾ റൂമിന്റെ നമ്പറിൽ ബന്ധപ്പെട്ടാൽ 24 മണിക്കൂറും ആംബുലൻസിന്റെ സേവനം സൗജന്യമായി ലഭിക്കും.