തിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് കുറ്റപ്പുഴ തോട്ടിൽ പോളയും പായലും മൂടി. പോള കുമിഞ്ഞു കൂടിയതോടെ കുറ്റപ്പുഴ തോടും മോട്ടോർ തറയും നീരൊഴുക്ക് നിലച്ച സ്ഥിതിയിലായി. 300 ഏക്കറോളം വരുന്ന കവിയൂർ പുഞ്ചയിലേക്ക് കൃഷിക്ക് ആവശ്യമായ വെള്ളമെത്തിക്കുന്ന തോടാണിത്. നൂറിലധികം കർഷകരാണ് കവിയൂർ പുഞ്ചയിൽ കൃഷി ചെയ്യുന്നത്. പലയിടത്തും കെട്ടിക്കിടന്ന കാക്കപ്പോളയും പായലും കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയതാണ്. തോട്ടിലെ വെള്ളം കാണാനാകാത്ത വിധം പോളകയറി തോട് മൂടിയ നിലയിലാണ്. മോട്ടോർ തറയോട് ചേർന്ന ഭാഗത്തും പോള നിറഞ്ഞതിനാൽ നെൽകൃഷി ചെയ്യുന്ന പാടത്തെ കർഷകരാണ് ഇതുമൂലം ദുരിതത്തിലായത്.

അനധികൃ കൈയേറ്റവും വ്യാപകം

നല്ല വീതിയുണ്ടായിരുന്ന ഈ തോടിന്റെ പലഭാഗങ്ങളിലും അനധികൃത കൈയേറ്റവും വ്യാപകമാണ്. കർഷകരുടെയും ജനപ്രതിനിധികളുടെയും പരാതിയെ തുടർന്ന് നഗരസഭാധികൃതർ സ്ഥലം സന്ദർശിച്ചു. കൗൺസിലർമാരായ ഡോ. റെജിനോൾഡ് വർഗിസ്, രാഹുൽ വിജയൻ, നഗരസഭ എൻജിനിയർ ബിന്ദു വേലായുധൻ, ഉദ്യോഗസ്ഥരായ ക്ലമന്റ്, അജി എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.

------------

300 ഏക്കറിലെ കവിയൂർ പുഞ്ചയിൽ വെള്ളം എത്തിക്കുന്ന തോട്

നെൽക്കൃഷി ചെയ്യുന്ന പാടത്തെ കർഷകർ ദുരിതത്തിൽ

നഗരസഭാധികൃതർ സന്ദർശിച്ചു

-------------

കർഷകർ നേരിടുന്ന പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കും.

ബിന്ദു ജയകുമാർ

(തിരുവല്ല നഗരസഭ ചെയർപേഴ്സൺ)