dcc-ezhumattoor
എഴുമറ്റൂർ പഞ്ചായത്ത് ആരംഭിച്ച ഡി.സി.സി. യുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: എഴുമറ്റൂർ ഗ്രാമപഞ്ചായത്തിൽ ഗൃഹവാസ പരിചരണ കേന്ദ്രം(ഡോമിസിലിയറി കെയർ സെന്റർ) തെള്ളിയൂർ എം.സി.ആർ.ഡി. നവജ്യോതി സ്‌കൂളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു ഉദ്ഘാടനം ചെയ്തു. എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു അദ്ധ്യക്ഷത വഹിച്ചു. കോയിപ്രംബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലുതോമസ്, എഴുമറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് കെ.എബ്രഹാം, എം.സി.ആർ.ഡി ഡയറക്ടർ ഫാ.വിനോദ് ഈശോ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 54 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. നോഡൽ ഓഫീസർ 1, ചാർജ് ഓഫീസർ 6, സ്റ്റാഫ്‌നേഴ്‌സ് 1, സെക്യൂരിറ്റി കം ക്ലീനിംഗ് സ്റ്റാഫ് 6, ഡേറ്റാ എൻട്രി ഓപ്പറേറ്റർ 1 എന്നിങ്ങനെ ജീവനക്കാരെയും നിയമിച്ചു. 24 മണിക്കൂറും സജ്ജമായ ആംബുലൻസ്, 24മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ഡെസ്‌ക്, ജനകീയ ഹോട്ടലിലൂടെ കേന്ദ്രത്തിലുള്ളവർക്കും, അർഹരായ മറ്റുള്ളവർക്കും സൗജന്യ ഭക്ഷണം നൽകും. നിരീക്ഷണത്തിലുള്ളതും കൊവിഡ് ബാധിതരുമായ അർഹതയുള്ളവർക്കെല്ലാം സൗജന്യ ഭക്ഷണ കിറ്റുകളും, മരുന്നുകളും വാർഡുതല സമിതിയുടെ നേതൃത്വത്തിൽ വിതരണം ആരംഭിച്ചു. പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കയി 2021-22 വാർഷിക പദ്ധതിയിൽ സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥനായി 10 ലക്ഷം രൂപ, പൾസ് ഓക്‌സിമീറ്റർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ, മരുന്ന് എന്നിവ വാങ്ങുന്നതിന് തെള്ളിയൂർ പി.എച്ച്.സി. മെഡിക്കൽ ഓഫീസർ നിർവഹണ ഉഗ്യോസ്ഥയായി 6ലക്ഷം രൂപ, അസിസ്റ്റന്റ് എൻജിനിയർ നിർവഹണ ഉദ്യോഗസ്ഥനായി മൂന്നു ലക്ഷം രൂപ എന്നിങ്ങനെ ആകെ 19 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.