ചെങ്ങന്നൂർ: മകൻ സജി ചെറിയാന്റെ മന്ത്രി സ്ഥാനത്തിൽ സന്തോഷമുണ്ടെന്ന് റിട്ട.പ്രധാനാദ്ധ്യാപിക ശോശാമ്മ ചെറിയാൻ പറഞ്ഞു. കൊഴുവല്ലൂരിലെ വീട്ടിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ചെറുപ്പത്തിൽ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയിരുന്നപ്പോൾ പിതാവിനെക്കാൾ കൂടുതൽ എതിർത്തത് താനാണ്. എന്നാൽ പിന്നീട് അവന്റെ വഴി അതാണെന്ന് കണ്ട് അനുകൂലിച്ചു. തിരക്കിനിടയിലും സജി ചെറിയാൻ വീട്ടുകാര്യങ്ങൾ ശ്രദ്ധിച്ചിരുന്നെന്നും ശാരീരിക പ്രശ്‌നങ്ങൾ ഉള്ളതിനാൽ സത്യപ്രതിഞ്ജക്ക് പോകുന്നില്ലെന്നും ശോശാമ്മ ചെറിയാൻ പറഞ്ഞു. ഭർത്താവിന് ലഭിച്ച അർഹതയുള്ള അംഗീകാരമാണെന്ന് ഭാര്യ ക്രിസ്റ്റീന പ്രതികരിച്ചു. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്നും എൽപ്പിച്ച ഉത്തരവാദിത്വങ്ങൾ സത്യസന്ധയോടും സുതാര്യതയോടുമുള്ള പ്രവർത്തനം കാഴ്ചവെക്കുമെന്ന് വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.