കോഴഞ്ചേരി: നിയുക്ത ആരോഗ്യമന്ത്രിയിൽ നിന്ന് ഇനി നേരിട്ട് ലഭിക്കുന്ന വികസന നേട്ടങ്ങൾക്ക് കാതോർക്കുകയാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി .എം.എൽ.എ ആയിരുന്ന വീണാ ജോർജ് നൽകിയ ആനുകൂല്യങ്ങൾ ഇനി മുതൽ മന്ത്രി പദത്തിൽ നിന്ന് കൂടുതൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതരും അഭ്യുദയകാംക്ഷികളും
നടപ്പാക്കേണ്ട പദ്ധതികൾ
ജില്ലാ ആശുപത്രിയിൽ കാർഡിയോളജി വിഭാഗം സജ്ജമാക്കിയിട്ടില്ല. അതേ സമയം ജില്ലയിൽ പത്തനംതിട്ട ജനറൽ ആശുുപത്രിയിൽ മാമ്രേ കാർഡിയോളജി വിഭാഗം പ്രവർത്തിക്കുന്നുള്ളൂ. അവിടെ ഒ.പി. വിഭാഗത്തിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭിക്കുന്നുണ്ട്.. കോഴഞ്ചേരി ജില്ലാ ആശുപത്രി വളപ്പിൽ ടി.ബി സെന്റർ ഉണ്ടെങ്കിലും പൾമിനറി യൂണിറ്റ് ഇല്ല. ഇതു കാരണം ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവർ ബുദ്ധിമുട്ടുന്നു. ഡയാലിസിസ് യൂണിറ്റ് കാര്യക്ഷമമാണെങ്കിലും വൃക്ക സംബന്ധമായ ചികിത്സ നടത്തുന്നതിന് യൂറോളജി വിഭാഗവുമില്ല. ന്യൂറോ വിഭാഗമുണ്ടെങ്കിലും ഒരു ഡോക്ടർ മാത്രമെ സേവനത്തിനുള്ളൂ. ഒ.പി. പ്രവർത്തിക്കുന്നത് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ മാത്രം .
മികച്ച രീതിയിൽ നേത്രചികിത്സാ വിഭാഗം ആരംഭിക്കുന്നതിന് പഴയ കെട്ടിടം പൊളിച്ചു നീക്കിയെങ്കിലും തുടർനടപടികൾ നീളുകയാണ്. പുതിയ ഓഫീസ് സമുച്ചയം നിർമ്മിക്കണമെന്ന ആവശ്യവും ശക്തം.
കൊവിഡ് നിയന്ത്രണം വരുന്നതിന് മുൻപ് ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികൾ ദിവസേന എത്തുന്ന ആശുപത്രിയായിരുന്നു ഇത്. ആശുപത്രി വികസന സമിതിക്ക് മികച്ച വരുമാനവും ലഭിക്കുന്നുണ്ട്. യഥാസമയത്ത് ആവശ്യമായ വികസനം മാത്രമാണ് ഇപ്പോഴും വഴിമുട്ടി നിൽക്കുന്നത്.