തിരുവല്ല: നൂറുകണക്കിന് രോഗികൾ നിത്യവും ആശ്രയിക്കുന്ന തിരുവല്ല താലൂക്ക് ആശുപത്രിയുടെ വികസനത്തിന് പ്രതീക്ഷയേകുന്നു. ആരോഗ്യമന്ത്രിയായി സമീപ മണ്ഡലത്തിലെ എം.എൽ.എ വീണാ ജോർജ്ജ് ഇന്ന് ചുമതലയേൽക്കുമ്പോൾ തിരുവല്ലയിലെ ആരോഗ്യമേഖലയ്ക്കും മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഒ.പി ബ്ലോക്ക് നിർമ്മാണം പൂർത്തിയാക്കുകയെന്നത് ഏറെകാലമായുള്ള ആവശ്യമാണ്. ഇതിനായി പലതവണ ബഡ്ജറ്റിൽ തുക വകയിരുത്തിയെങ്കിലും ഇനിയും കെട്ടിടം പണി പോലും ആരംഭിച്ചിട്ടില്ല. നിലവിൽ ഒ.പി വിഭാഗത്തിന്റെ പ്രവർത്തനം താൽക്കാലിക കെട്ടിടത്തിലാണ്. താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സ്ഥലസൗകര്യം ഉണ്ടെങ്കിലും പലതും പാതിവഴിയിലാണ്. ഇതിൽ പ്രധാനം മേജർ ഓപ്പറേഷൻ തീയറ്ററിന്റെ പ്രവർത്തനം തുടങ്ങാത്തതാണ്. പി.ജെ.കുര്യൻ രാജ്യസഭാ എം.പി യായിരുന്ന കാലത്ത് ഇതിനായി തുക വകയിരുത്തിയതാണ്. എന്നാൽ മറ്റ് തടസങ്ങൾ കാരണം ഇതുവരെയും ഓപ്പറേഷൻ തീയറ്റർ തുറന്നുകൊടുക്കാൻ സാധിച്ചിട്ടില്ല. ഇതുമൂലം ശസ്ത്രക്രീയ ആവശ്യമുള്ള രോഗികൾ മറ്റ് ആശുപത്രികളുടെ സഹായം തേടി പോകുകയാണ്. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റും കുറവും താലൂക്ക് ആശുപത്രി നേരിടുന്ന പ്രധാന പ്രശ്നമാണ്. കോട്ടയം, ആലപ്പുഴ ജില്ലകളുടെ സമീപ പ്രദേശങ്ങളിലെ ഒട്ടേറെ രോഗികളും ആശ്രയിക്കുന്ന തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിലവിലെ ബെഡുകളുടെ എണ്ണം വർദ്ധിപ്പിച്ച് ആശുപത്രിയുടെ നിലവാരം ഉയർത്തണമെന്ന ആവശ്യം ശക്തമാണ്.