tree
തെങ്ങമം തോട്ടഭാഗത്ത് 11 കെ.വി ലൈന് മുകളിലേക്ക് വീണു കിടക്കുന്ന തെങ്ങ് മുറിച്ചു മാറ്റുന്ന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ

അടൂർ : പ്രളയമായാലും പേമാരിയായാലും രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ കർമ്മനിരതരാകുകയാണ് കെ.എസ്.ഇ.ബി ജീവനക്കാർ.

കനത്ത മഴയെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ലൈൻമാൻമാർക്ക് വിശ്രമമില്ലാത്ത ജോലിയായിരുന്നു. സമയത്ത് ആഹാരമോ, മതിയായ വിശ്രമമോ ഇല്ലാതെ ഒാടിനടക്കുന്ന ജീവനക്കാരുടെ സേവനത്തിന് ഇപ്പോൾ നാനാതുറകളിൽ നിന്ന് ലഭിക്കുന്നത് ബിഗ്സല്യൂട്ടാണ്. മുൻകാലങ്ങളിൽ വൈകുന്നേരങ്ങളിലോ, രാത്രിയിലോ വൈദ്യുതി പോയാൽ പിന്നെ ഇരുട്ടിൽ തപ്പിയത് തന്നെ. എന്നാലിപ്പോൾ വൈദ്യുതി ബോർഡ് മൊത്തത്തിൽ അലകും പിടിയും മാറിയതോടെ ഏത് സമയവും ജീവനക്കാർ വിളിപ്പുറത്താണ്.

മുമ്പ് കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങിയാൽ വിവരം ബോർഡ് ഒാഫീസിൽ അറിയിക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. വിളിച്ചാൽ നിരന്തരം ഫോൺ തിരക്കിൽ, അല്ലെങ്കിൽ കിട്ടില്ല. വിളിച്ചു മടുത്തവർ സഹികെട്ട് ചില വൈദ്യുതി ഒാഫീസുകളിൽ എത്തിയത് സംഘർഷത്തിലും കലാശിച്ചിട്ടുണ്ട്.

കാലം മാറിയതിന് അനുസരിച്ച് വൈദ്യുതി ബോർഡും അടിമുടി മാറി എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച. വീശിയടിക്കുന്ന കാറ്റിനെ വകവയ്ക്കാതെ പോസ്റ്റുകളിൽ സാഹസികമായി കയറി പൊട്ടിയ കമ്പികളും വയറുകളും കൂട്ടികെട്ടുകയും ലൈനുകൾക്ക് മുകളിലേക്ക് വീണുകിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതുമെല്ലാം മികവാകുകയാണ്. ഇപ്പോൾ ഏത് സമയവും ഒാഫീസുകളിൽ ഫോൺ എടുക്കാൻ സന്നദ്ധരായി ജീവനക്കാരുമുണ്ട്. പരാതിയും വിളിച്ച ആളിന്റെ നമ്പരും രേഖപ്പെടുത്തുകയും വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച ശേഷം തിരികെ വിളിച്ച് ഉറപ്പു വരുത്തുകയും ചെയ്യുന്ന അവസ്ഥയിലായി ബോർഡിന്റെ വളർച്ച. ഏത് പാതിരാത്രിയിലും പരാതികൾക്ക് പരിഹാരം ഉണ്ടാകുമെന്ന ജനങ്ങളുടെ വിശ്വാസത്തിലേക്ക് വളരാൻ കെ.എസ്.ഇ.ബിക്ക് സാധിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭമുണ്ടായാൽ നേരിടുന്നതിനായി ഒാരോ ഡിവിഷനുകളിലും ക്വിക് റസ്പോൺസ് ടീമുകൾ സദാജാഗരൂകരായി നിലയുറപ്പിച്ചതോടെയാണ് വൈദ്യുതി ബോർഡിലെ ഇൗ വലിയ മാറ്റം.

കാലത്തിന് അനുസൃതമായ മാറ്റം വൈദ്യുതി ബോർഡ് കൈവരിച്ചു. തീർത്തും അഭിനന്ദനാർഹമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. വൈദ്യുതി ബോർഡിനെയും ഉദ്യോഗസ്ഥരെയും സംബന്ധിച്ചുള്ള മുൻധാരണകൾ മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

രാജൻ അനശ്വര

പൊതുപ്രവർത്തകൻ.