21-nellu
മുടിയൂർക്കോണം കിണറുവിളയിൽ സാംബശിവൻ, സഹോദരൻ പ്രസാദ് എന്നിവരുടെ മഴയിൽ കുതിന്ന നെല്ല് കൊയ്തുമെത്തിയന്ത്രമുപയോഗിച്ചു മെതിച്ചെടുക്കാൻ ശ്രമിക്കുന്നു

പന്തളം: അപ്രതീക്ഷിതമായെത്തിയ കനത്ത മഴ കവർന്നത് മണ്ണിൽ പൊന്നുവിളയിച്ച സഹോദരന്മാരുടെ അദ്ധ്വാനവും പണവും. മുടിയൂർക്കോണം കിണറുവിളയിൽ സാംബശിവൻ, സഹോദരൻ പ്രസാദ് എന്നിവരുടെ നെൽകൃഷിയാണ് മഴയിൽ പൂർണമായും നശിച്ചത്.
ചിറ്റിലപ്പാടത്ത് ഒന്നരയേക്കറിലാണ് സാംബശിവൻ കൃഷിയിറക്കിയത്. പ്രസാദ് 56 സെന്റിലും. നല്ല വിളവു ലഭിക്കുന്ന ഉമ ഇനത്തിലെ വിത്ത് വിതച്ചതിനാൽ നൂറുമേനി വിളവും ഉണ്ടായിരുന്നു. കൊയ്ത്തിനു തയ്യാറെടുത്തിരിക്കവേയാണ് അപ്രതീക്ഷിതമായി മഴയെത്തിയത്. ഇതോടെ നെല്ല് വെള്ളത്തിലായി. പ്രതികൂല സാഹചര്യത്തിലും കുറെ നെല്ല് കൊയ്‌തെടുത്തു. പകുതിയിലേറെയും വെള്ളത്തിൽ മുങ്ങിപ്പോയി.
കൊയ്‌തെടുത്ത നെല്ല് മഴയിൽ കുതിന്ന് കിളിർത്തു തുടങ്ങിയിരുന്നു. കൊയ്തുമെത്തിയന്ത്രമുപയോഗിച്ച് മെതിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കറ്റ നനഞ്ഞു കുതിർന്നതാണു കാരണം.
18 പേർക്ക് 800 രൂപ ദിവസക്കൂലി നൽകിയാണ് സാംബശിവൻ കുറെയെങ്കിലും നെല്ല് കൊയ്‌തെടുത്തത്. വൈകിട്ട് ഒരു മണിക്കൂർ കൂടുതൽ കൊയ്തതിന് 100 രൂപ വീതവും നൽകി. പ്രസാദ് 12 ജോലിക്കാരെയും ഉപയോഗിച്ചു. കൊയ്ത്തുമെതിയന്ത്രത്തിന് മണിക്കൂറിന് 2000 രൂപ വച്ചും ചെലവായി. കറ്റകൾ മെതിച്ചെടുക്കാൻ കഴിയാതായതോടെ ഇവയെല്ലാം നഷ്ടക്കണക്കായി. സാംബശിവന് 60,000ലേറെയും പ്രസാദിന് 25,000ലേറെയും രൂപയുടെ നഷ്ടമുണ്ട്.
അഡീഷണൽ ഡെപൂട്ടി തഹസിൽദാറായി 2005ൽ റിട്ടയർ ചെയ്ത സാംബശിവൻ അന്നു മുതൽ വിവിധ കൃഷികൾ ചെയ്തു വരികയാണ്. സ്വകാര്യ ആശുപത്രി ജീവനക്കാരനായ പ്രസാദ് എൽ.ഐ.സി ഏജന്റുകൂടിയാണ്. രണ്ടു വർഷം മുമ്പും കൃഷിയിൽ നഷ്ടമുണ്ടായെങ്കിലും കൃഷിയോടുള്ള താല്പര്യമാണ് നഷ്ടം സഹിച്ചും ഇരുവരും കൃഷി തുടരാൻ കാരണം.