ചെങ്ങന്നൂർ: സത്യപ്രതിജ്ഞയ്ക്ക് മുമ്പ് രക്തസാക്ഷികൾക്ക് ആദരവർപ്പിച്ച് നിയുക്ത മന്ത്രി സജി ചെറിയാൻ. നിയോജക മണ്ഡലത്തിലെ രക്തസാക്ഷി മണ്ഡപങ്ങളിൽ എത്തിയ സജി ചെറിയാൻ പുഷ്പാർച്ചന നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് ശേഷം ചൊവ്വാഴ്ച്ച വളരെ വൈകിയാണ് എത്തിയതെങ്കിലും പുലർച്ചെതന്നെ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കൃഷിയിടമായ കരുണ സെന്ററിലെത്തി വിവരങ്ങൾ അന്വേഷിച്ചു. തിരികെ വീട്ടിലെത്തുമ്പോഴേക്കും അനുമോദനങ്ങളുമായി ആളുകൾ എത്തിത്തുടങ്ങിയിരുന്നു. എൽ.ഡി.എഫ് നേതാക്കളും വിവിധ സംഘടനാ ഭാരവാഹികളും എത്തിക്കൊണ്ടിരുന്നു.
രക്തസാക്ഷികളായ പാണ്ടനാട് രവി, കുഞ്ഞുകുഞ്ഞ് എന്നിവരുടെ സ്മൃതി കുടീരങ്ങളിൽ രാവിലെ പത്തുമണിയോടെ എത്തി ആദരവ് അർപ്പിച്ചു. മാന്നാർ പുഷ്പസേനൻ നായർ, ചെന്നിത്തല അച്യുതക്കുറുപ്പ്, വെണ്മണി ചാത്തൻ, ചെറിയനാട് ശിവരാമൻ എന്നിവരുടെ രക്തസാക്ഷി മണ്ഡപങ്ങളിലും പാർട്ടി പ്രവർത്തകരോടൊപ്പം പൃഷ്പാർച്ചന നടത്തി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാണ്ടനാട് പഞ്ചായത്തിൽ ആരംഭിച്ച കൊവിഡ് ഡി.സി.സിയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ഓഫീസിൽ എത്തി. കാത്തിരുന്ന എൽ.ഡി.എഫ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് നിയുക്തമന്ത്രിയെ സ്വീകരിച്ചത്. സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച് റഷീദ് പൊന്നാട അണിയിച്ച് സ്വീകരിച്ചു. കേക്കുമുറിച്ച് സജി ചെറിയാൻ മധുര വിതരണം നടത്തി. പിന്നീട് മണ്ഡലത്തിലെ ആദ്യകാല പാർട്ടി പ്രവർത്തകരെയും പ്രധാന വ്യക്തികളെയും വീടുകളിൽ എത്തി സന്ദർശിച്ചു. വിവിധ ലോക്കൽ കമ്മിറ്റി ഓഫീസുകളിൽ എത്തി പ്രവർത്തകരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷമാണ് സത്യപ്രതിജ്ഞയ്ക്കായി യാത്രതിരിച്ചത്.