പള്ളിക്കൽ : പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ പള്ളിക്കലിന്റെ സമഗ്ര വികസനത്തിന് പഞ്ചായത്ത് വിഭജിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പുതിയ സർക്കാരിലാണ് ഇനി നാട്ടുകാരുടെ പ്രതീക്ഷ. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് പഞ്ചായത്ത് വിഭജിച്ച് പെരിങ്ങനാട് പഞ്ചായത്ത് രൂപീകരിച്ചതായി ഉത്തരവിറങ്ങിയിരുന്നു. ഓഫീസിനായി പതിനാലാം മൈലിൽ കെട്ടിടവും എറ്റെടുത്തു. എന്നാൽ സംസ്ഥാനത്ത് പഞ്ചായത്ത്‌ വിഭജനത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലന്ന ഹർജിയിൽ ഹൈക്കോടതി ഉത്തരവ് റദ്ദുചെയ്തു. തുടർന്നുവന്ന പിണറായി സർക്കാർ പഞ്ചായത്തു വിഭജനം പരിഗണിച്ചില്ല. വീണ്ടും അധികാരത്തിലെത്തിയ സർക്കാർ അത് നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ജനം . 41.72 ച. തു. കിലോമീറ്റർ വിസ്തൃതിയുള്ള 23 വാർഡുകളും 55 000 ത്തോളം ജനസംഖ്യയുമുള്ള പള്ളിക്കൽ, പെരിങ്ങനാട് വില്ലേജുകൾ അടങ്ങുന്നതാണ് പള്ളിക്കൽ പഞ്ചായത്ത് . പ്രാഥമികാരോഗ്യ കേന്ദ്രം, ആയൂർവേദ ആശുപത്രി, ഹോമിയോ ആശുപത്രി, മൃഗാശുപത്രി, എന്നിവ പ്രവർത്തിക്കുന്നത് പഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് തോട്ടുവാ , പള്ളിക്കൽ എന്നിവിടങ്ങളിലാണ്. ഇവയുടെ സേവനം ദൂരപരിധി കാരണം പെരിങ്ങനാട് നിവാസികൾക്ക് ലഭിക്കാറില്ല. അതുപോലെ കൃഷിഭവൻ പ്രവർത്തിക്കുന്നത് പെരിങ്ങനാട് വില്ലേജിൽ പതിനാലാം മൈലിലാണ്. കൃഷിഭവന്റെ സേവനം പള്ളിക്കൽ നിവാസികൾക്ക് ലഭിക്കുന്നതിനും പരിമിതികൾ ഏറെയാണ്. പെരിങ്ങനാട്ട് പുതിയ പഞ്ചായത്ത് രൂപീകരിക്കുന്നതോടെ പെരിങ്ങനാട് കേന്ദ്രീകരിച്ച് പ്രാഥമികാശുപത്രി, ഹോമിയോ, ആയൂർവേദ, ആശുപത്രികൾ, മൃഗാശുപത്രി എന്നിവ അനുവദിക്കപ്പെടും . പള്ളിക്കലിന് പുതിയ കൃഷി ഓഫീസ് കിട്ടും, കുടുംബശ്രീ, വി.ഇ.ഒ. ഓഫീസുകൾ ഉൾപ്പടെ ഒട്ടനവധി വികസന പ്രശ്നങ്ങൾക്ക് പരിഹാരമാകും. സാധാരണഗതിയിൽ അമ്പതിനായിരത്തിലധികം ജനസംഖ്യ ആകുമ്പോഴാണ് പഞ്ചായത്ത് വിഭജിക്കുന്നത്. ഇപ്പോൾ ഇവിടെ 55,000 ത്തോളം ജനസംഖ്യയുണ്ട്.