പത്തനംതിട്ട: ആശങ്കയുണ്ടെങ്കിലും ജില്ലയിൽ ഇതുവരെ ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിലെ എല്ലാ ആശുപത്രികളിലും ബ്ലാങ്ക് ഫംഗസ് സംശയം തോന്നിയാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട സ്വദേശികളായ രണ്ട് പേരിൽ ഒരാൾ മരിച്ചതാണ് ജില്ലയെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. എന്നാൽ ഇവർ പത്തനംതിട്ട സ്വദേശികളാണെങ്കിലും ജില്ലയ്ക്ക് പുറത്ത് താമസമാക്കിയവരാണ്. കൊവിഡ് രണ്ടാം തരംഗത്തിൽ ബ്ലാക്ക് ഫംഗസ് വ്യാപകമാകുന്നതായാണ് റിപ്പോർട്ട്. കൊവിഡ് രോഗികളിലും കൊവിഡ് നെഗറ്റീവ് ആയവരിലുമാണ് ഫംഗസ് കാണപ്പെടുന്നത്. പ്രതിരോധ ശേഷി കുറഞ്ഞവരിലും പ്രമേഹം തുടങ്ങിയ മറ്റ് അസുഖങ്ങൾ ഉള്ളവരിലും ഫംഗസ് വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. കൊവിഡ് നെഗറ്റീവായ ശേഷം പ്രതിരോധ ശേഷി വീണ്ടെുക്കാൻ സമയമെടുക്കുന്നത് അപകടാവസ്ഥ വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. ബ്ലാക്ക് ഫംഗസ് കൂടി റിപ്പോർട്ട് ചെയ്തതോടെ ജനങ്ങളുടെ ആശങ്ക വർദ്ധിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് രോഗം വ്യാപകമായതോടെ ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. ഈ പ്രതിസന്ധികൾക്ക് എന്ന് ശമനം വരുെമന്നറിയാതെ നട്ടംതിരിയുകയാണ് ജനങ്ങൾ.
നിശ്ചലമായി വിവിധ മേഖലകൾ
ലോക്ക് ഡൗണിനെ തുടർന്ന് ജില്ലയിലെ സമസ്തമേഖലകളും നിശ്ചലമാണിപ്പോൾ. ആളുകളുടെ ദൈനംദിന തൊഴിലുകൾ പോലും ഇല്ലാതായി. നിർമ്മാണ മേഖലകൾ പ്രവർത്തിക്കുന്നില്ല. ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ബസ് വ്യവസായവും തകർച്ചയിൽ എത്തി നിൽക്കുന്നു.
" എന്തെങ്കിലും സംശയം തോന്നിയാൽ പരിശോധിക്കാൻ നിർദേശം ഉണ്ട്. ഇതു വരെ ലക്ഷണമുള്ളവരെ കണ്ടെത്തിയിട്ടില്ല. ശ്രദ്ധ നൽകുന്നുണ്ട്. ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. "
ഡോ. എ.എൽ.ഷീജ
(ഡി.എം.ഒ)
991 പേർക്ക് കൊവിഡ്
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 991 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശത്ത് നിന്ന് വന്നതും 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 974 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 96,581 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 89,259 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 1677 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 81635 ആണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ
ഒൻപതു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) വല്ലന സ്വദേശി (47),
2) റാന്നി പെരുനാട് സ്വദേശി (60),
3) നാരങ്ങാനം സ്വദേശി (86),
4) ഇരവിപേരൂർ സ്വദേശി (54),
5) ചിറ്റാർ സ്വദേശി (71) ,
6) ഏഴംകുളം സ്വദേശി (70) ,
7) മലയാലപ്പുഴ സ്വദേശി (45) ,
8) കോന്നി സ്വദേശി (61) ,
9) പള്ളിക്കൽ സ്വദേശി (71).