തണ്ണിത്തോട് : കൊവിഡ് പ്രതിരോധ പ്രതിരോധ പ്രവർത്തനങ്ങളുടെ കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കോന്നി നിയോജക മണ്ഡലത്തിൽ ഏറ്റവും ഉയർന്നു നിൽക്കുന്നത് തണ്ണിത്തോട് പഞ്ചായത്താണ്. 13 മുതൽ 19 വരെയുള്ള ദിവസത്തെ കണക്കിൽ 38.4 ശതമാനം ടി.പി.ആർ നിരക്കാണ് തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലുള്ളത്.
ലോക് ഡൗൺ രണ്ടാഴ്ചയിലേക്ക് അടുക്കുമ്പോഴും പഞ്ചായത്തുകളിൽ രോഗാവസ്ഥ ഉയർന്നു നില്ക്കുകയാണ്. കർശനമായ നിയന്ത്രണങ്ങളും നടപടികളും ഈ പഞ്ചായത്തുകളിൽ ആവശ്യമാണ്. 19,​20 വാർഡുകളുള്ള പ്രമാടം, കലഞ്ഞൂർ പഞ്ചായത്തുകളിൽ കൊവിഡ് ബാധിതരുടെ എണ്ണം താരതമ്യേന കുറവാണ്. കലഞ്ഞൂർ , മലയാലപ്പുഴ, പ്രമാടം പഞ്ചായത്തുകളിൽ ടി. പി.ആർ. 28 ശതമാനം മാത്രമാണുള്ളത്. നിലവിലുള്ള പോരായ്മകൾ പരിഹരിച്ച് സർക്കാർ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കി രോഗവ്യാപന നിയന്ത്രണം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുന്നതിനായി കെ.യു. ജനീഷ്‌കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ തണ്ണിത്തോട്ടിൽ അടിയന്തര യോഗം ചേർന്നു. ജനപ്രതിനിധികൾ, ഡപ്യൂട്ടി കളക്ടർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.