പന്തളം: കൊവിഡ് മഹാമാരിയിൽ വലയുന്ന നാട്ടുകാർക്കു മാരകമായ ഡെങ്കിപ്പനിയുൾപ്പെടെയുള്ള പകർച്ചവ്യാധി ഭീഷണിയുയർത്തി പന്തളത്ത് കൊതുകുകൾ പെരുകുന്നു. ഉറവിടമായി വെള്ളം കെട്ടി നില്ക്കുന്ന കെ.ഐ.പി കനാൽ. പന്തളം നഗരസഭയിൽ മങ്ങാരം, തോന്നല്ലൂർ മേഖലകളുൾപ്പെടുന്ന 4, 5, 6, ഡിവിഷനുകളിലെ ജനങ്ങളാണ് കനാലിൽ നിന്നുള്ള കൊതുകുശല്യത്താൽ വലയുന്നത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി കനാൽ നിറഞ്ഞു കെട്ടിക്കിടക്കുന്ന വെള്ളമാണ് കൊതുകുകളുടെ ഉറവിടമായി മാറിയിരിക്കുന്നത്. ഇതോടെ രാവും പകലുമെന്ന വ്യത്യാസമില്ലാതെയാണ് കൊതുകുകളുടെ ശല്യം വർദ്ധിച്ചിരിക്കുന്നത്. ഇതിന് അടിയന്തര പരിഹാരം കാണണമെന്നാണു നാട്ടുകാരുടെ ആവശ്യം.
അറ്റകുറ്റപ്പണികൾക്ക് ശേഷം വെള്ളം കെട്ടിക്കിടന്നു
കനാലിൽ അടുത്ത കാലത്തു നടത്തിയ അറ്റകുറ്റപ്പണികൾക്കു ശേഷമാണ് ആഴ്ചകളോളം വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയത്. പൊളിഞ്ഞു കിടന്ന കനാൽ മങ്ങാരം ഭാഗം വരെ കോൺക്രീറ്റ് ചെയ്തു പുരുദ്ധരിച്ചിരുന്നു. ബാക്കി ഭാഗം അടഞ്ഞുകിടക്കുന്നതിനാൽ വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടക്കുകയാണ്. പണികളിലെ അശാസ്ത്രീയതയാണ് വെള്ളം കെട്ടിക്കിടക്കാൻ മറ്റൊരു കാരണം. കനാലിന്റെ ഇരുവശത്തും അടിത്തട്ടും കോൺക്രീറ്റ് ചെയ്താണ് നവീകരിച്ചത്. എന്നാൽ, ഭൂമിയിലേക്കു വെളളം ഒഴുകിയിറങ്ങാനുള്ള സൗകര്യമൊരുക്കാതെയുള്ള പണികളാണ് നടത്തിയത്. ഇതു പരിഹരിക്കാനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
-----------
പന്തളം നഗരസഭയിൽ മങ്ങാരം, തോന്നല്ലൂർ മേഖലകളുൾപ്പെടുന്ന 4, 5, 6, ഡിവിഷനുകളിലെ ജനങ്ങളാണ് കനാലിൽ നിന്നുള്ള കൊതുകുശല്യത്താൽ വലയുന്നത്.
-------------
-കനാലിൽ വെള്ളം കെട്ടിക്കിടക്കുന്നു
-ഒഴുകി പോകാനുള്ള സൗകര്യമില്ല
-നിർമ്മാണത്തിലെ അശാസ്ത്രീയതയെന്ന് ആരോപണം