22-manneera-kattana
കാട്ടാന നശിപ്പിച്ച മണ്ണീറ പ്രദേശം

തണ്ണിത്തോട് : കാട്ടാന ശല്യം രൂക്ഷമായ മണ്ണീറ പ്രദേശത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ലാവിളയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ എന്നിവർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്യാം മോഹൻലാലുമായി ചർച്ച നടത്തി. കഴിഞ്ഞ രാത്രിയിലും കാട്ടാനകൾ പ്രദേശത്തെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. കർഷകർ സ്വന്തമായി നിർമ്മിച്ച സൗരോർജ വേലികളും കാട്ടാനകൾ നശിപ്പിച്ചു. തെങ്ങ്, കവുങ്ങ്, റബർ, വാഴ, കോലിഞ്ചി , കരുമുളക് കൊടികൾ എന്നിവ വ്യാപകമായി നശിപ്പിച്ചിരുന്നു. മണ്ണീറ സെൻടൽ ജംഗ്ഷന് സമീപത്തുവരെ കാട്ടാന കൂട്ടം കഴിഞ്ഞ ദിവസം എത്തിയിരുന്നു. വെട്ടു കുഴിയിൽ തോമസ്, വടക്കേക്കര തുണ്ടിൽ ഫീലിപ്പോസ് തോമസ്, പള്ളി തെക്കെതിൽ ഷാജി, പാല നിൽക്കുന്നതിൽ മത്തായി, പറ പള്ളികുന്നേൽ വർഗീസ്, പള്ളി തെക്കെതിൽ തങ്കച്ചൻ, വലിയ തെക്കേതിൽ റെജി എന്നീ കർഷകരുടെ പറമ്പുകളിലാണ് വ്യാപകമായി കാർഷികവിളകൾ നശിപ്പിച്ചത്. അടിയന്തരമായി സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അതിർത്തി പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തുമെന്നും ജനവാസ മേഖലകളുടെ സമീപത്തെ തകരാറിലായ സോളാർ വേലികൾ വന സംരക്ഷണ സമിതിയുമായി സഹകരിച്ച് അറ്റകുറ്റ പണികൾ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പുതിയതായി സോളാർ വേലികൾ സ്ഥാപിക്കുന്നതിനായുള്ള സ്ഥലത്ത് ഇതിനായി ടെണ്ടർ നടപടികൾ അടിയന്തിരമായി നടത്തുമെന്നും ഡി.എഫ്.ഒ ഉറപ്പ് നൽകി.