കോന്നി: മലയോര മേഖലയായ കോന്നി താലൂക്കിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പൊലീസും ആരോഗ്യ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടപടികൾ കടുപ്പിക്കുന്നു. കർശന നിയന്ത്രണങ്ങൾക്കിടയിലും വാഹനങ്ങളുടെ നീണ്ട നിരയാണ് ഇന്നലെ കോന്നി ടൗണിൽ അനുഭവപ്പെട്ടത്. അനാവശ്യമായി പുറത്തിറങ്ങിയവരെ താക്കീത് നൽകിയും മറ്റും പൊലീസ് മടക്കി അടച്ചു. കോന്നിയിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. പൊലീസിനും സിവിൽ ഡിഫൻസിനും പുറമെ എൻ.സി.സി കേഡറ്റുകളും ഇന്നലെ കോന്നി ജംഗ്ഷനിൽ വാഹന പരിശോധനയ്ക്ക് ഇറങ്ങിയിരുന്നു. ഇന്ന് മുതൽ നിയന്ത്രണങ്ങൾ കൂടുതൽ

കർശനമാക്കുമെന്ന് പൊലീസ് പറഞ്ഞു. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് തലവൻമാരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

പ്രധാന നിർദ്ദേശങ്ങൾ

സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്ക കൊവിഡ് രോഗികൾക്കായി നീക്കി വയ്ക്കണമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർദ്ദേശം നൽകി.

പഞ്ചായത്ത് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ കൂടുതൽ കാര്യക്ഷമമാക്കണം.
ആംബുലൻസ് സൗകര്യവും, ക്യാബിൻ തിരിച്ച 5 വാഹനങ്ങളും സജ്ജമാക്കണം..

പ്രദേശത്തെ താമസക്കാരായ മെഡിക്കൽ വിദ്യാർത്ഥികളുടെ ലിസ്​റ്റ് തയ്യാറാക്കി ഇവരുടെ സേവനം ലഭ്യമാക്കണം.

വാർഡ്തല ജാഗ്രതാ സമിതി രൂപീകരിച്ചത് കൂടുതൽ സജീവമാക്കണം.

വയോജനങ്ങളുടെയും, കിടപ്പു രോഗികളുടെയും ലിസ്​റ്റ് തയ്യാറാക്കി അവർക്ക് പ്രത്യേക കരുതൽ നല്കും. രോഗികൾക്ക് മരുന്നും, ഭക്ഷണവും എത്തിച്ചു നല്കണം.

.എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ആവശ്യമായ ആന്റിജൻ ടെസ്​റ്റ് കി​റ്റ് ഉടൻ ലഭ്യമാക്കണം.

രോഗം സ്ഥിരീകരിച്ചവർക്ക് മരുന്ന്, ഭക്ഷണം തുടങ്ങിയുള്ള സഹായങ്ങൾ വോളന്റിയർമാർ വഴി എത്തിച്ചു നല്കണം.

പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ താല്ക്കാലിക ജീവനക്കാരെ ഉടൻ തന്നെ പഞ്ചായത്തുകൾ നിയമിക്കണം.

ജനകീയഹോട്ടലോ, കമ്മ്യൂണി​റ്റി കിച്ചണോ എത്രയും വേഗം ആരംഭിച്ച് ഭക്ഷണം എത്തിക്കാൻ നടപടി സ്വീകരിക്കണം.

അന്യ സംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തണം.