തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാക്കുന്നതാണ് ഇന്നലത്തെ അപകടം. ജീവനക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ കെ.എസ്.ഇ.ബി ശക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും പലപ്പോഴും പാലിക്കപ്പെടാറില്ല. തിരുവല്ല നഗരത്തിൽ വൈദ്യുതി മുടങ്ങുമെന്ന മുന്നറിയിപ്പ് നൽകിയശേഷം ഇന്നലെ രാവിലെ ജോലികൾ ആരംഭിച്ചപ്പോഴാണ് അപകടം ഉണ്ടായത്. പണികൾ ചെയ്യാൻ വൈദ്യുതി പോസ്റ്റിൽ കയറുമ്പോൾ സംരക്ഷണത്തിനായി ഹെൽമറ്റും ശരീരം മുഴുവനായി ബന്ധിപ്പിക്കുന്ന സുരക്ഷാ ബെൽറ്റും വൈദ്യുതി കടത്തിവിടാത്ത കൈയ്യുറകളും സേഫ്റ്റി ഷൂസുകളുമൊക്കെ ധരിക്കേണ്ടതാണ്. ഇതുകൂടാതെ വൈദ്യുതി ഓഫാക്കി എന്ന് ഉറപ്പാക്കിയശേഷം മാത്രമേ പോസ്റ്റിൽ കയറാൻ സൂപ്പർവൈസർ അനുമതി നൽകാവൂയെന്നും നിർദ്ദേശമുണ്ട്. ഫ്യുസ് ഊരി വൈദ്യുതി ഓഫാക്കിയാലും മറ്റിടങ്ങളിൽ നിന്നുള്ള വൈദ്യുതി പ്രവഹിക്കാനുള്ള സാദ്ധ്യതയുണ്ട്.
ഇങ്ങനെയുള്ള സാഹചര്യത്തിലും ഷോക്കേറ്റ് അപകടം ഉണ്ടാകാതിരിക്കാൻ പ്രത്യേകമായി ഷോട്ടിംഗ് ക്ലിപ്പും സ്ഥാപിക്കേണ്ടതാണ്. 11 കെ.വി ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ഈ നിർദ്ദേശങ്ങളൊന്നും പാലിക്കാതെയാണ് മിക്കപ്പോഴും വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന ആക്ഷേപം മുമ്പും ഉണ്ടായിട്ടുണ്ട്.

സുരക്ഷാ വീഴ്ച

ഇന്നലത്തെ അപകടവും അധികൃതരുടെ സുരക്ഷാ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. തിരുവല്ല ഡിവിഷന്റെ പരിധിയിൽ മുമ്പ് വൈദ്യുതി ജീവനക്കാർ ഷോക്കേറ്റ് മരിച്ച സംഭവവും ഉണ്ടായിട്ടുള്ളതാണ്. അധികൃതർ കാണിക്കുന്ന അലംഭാവം മിക്കപ്പോഴും ദുരന്തങ്ങൾക്ക് കാരണമാകുന്നു.