തിരുവല്ല: നഗരമദ്ധ്യത്തിലെ വൈദ്യുത ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ കെ.എസ്.ഇ.ബി കരാർ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. കെ.എസ്.ഇ.ബി തിരുവല്ല സെക്ഷൻ ഓഫീസിലെ കരാർ ജീവനക്കാരനായ റാന്നി മോതിരവയൽ വേങ്ങത്തടം വീട്ടിൽ ജോബി (32) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പതരയോടെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് മുമ്പിലായിരുന്നു സംഭവം. ടെർമിനലിന്റെ മുമ്പിലെ ട്രാൻസ്ഫോർമറുമായി ബന്ധപ്പെട്ട ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ജോബിക്ക് വൈദ്യുതാഘാതമേറ്റത്. വലതുകൈയ്ക്ക് ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചുവീണ ജോബിയുടെ തലയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ജോബിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.