മല്ലപ്പള്ളി : സേവാഭാരതി കൊറ്റനാട് യൂണിറ്റിന്റെ ആംബുലൻസ് ചാലാപ്പള്ളിയ്ക്കു സമീപം പെരുമ്പെട്ടി റോഡിൽ ഇന്നലെ വെളുപ്പിന് മറിഞ്ഞു. പുലർച്ചെ 3നായിരുന്നു അപകടം. ചെന്നെയിൽ നിന്നും ട്രെയിൻ മാർഗം കായംകുളത്തെത്തിയ ആലപ്ര സ്വദേശിയെ റെയിൽവേ സ്റ്റേഷനിൽ നിന്നും ആലപ്രയിലുള്ള വീട്ടിലേക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു അപകടം. റോഡിൽ കുറുകെ ചാടിയ നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപെട്ട് മറിയുകയായിരുന്നു. അപകടത്തിൽ നിസാര പരിക്കേറ്റ ഡ്രൈവർ ചാലാപ്പള്ളി മായാവിലാസത്തിൽ മനീഷ് കുമാർ, യാത്രക്കാരായ ആലപ്ര സ്വദേശി, ഇയാളുടെ ബന്ധു എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു. പെരുമ്പെട്ടി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.