പുല്ലാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മഴയേയും രോഗഭീതിയെയും മറികടന്ന് കരുതലും സേവന പ്രവർത്തനങ്ങളുമായി ഡി.വൈ.എഫ്ഐ പ്രവർത്തകർ രംഗത്ത്.

കോയിപ്രം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പുല്ലാട് മേഖലാ കമ്മിറ്റിയുടെ ചുമതലയിലാണ് സഹായം എത്തിച്ചു നൽകുന്നത്. കൊവിഡ് പൊസിറ്റീവായി വീട്ടിൽ കഴിയുന്നവർക്ക് മരുന്നും ഭക്ഷണ കിറ്റുകളും മറ്റു ആവശ്വസാധനങ്ങൾ എത്തിക്കുന്നതിനും പ്രവർത്തകർ സജീവമായി രംഗത്തുള്ളത് നാട്ടുകാർക്ക് ആശ്വാസമാകുന്നു. വീടുകളിൽ വൈദ്യുതി തകരാർ ഉണ്ടായാൽ ഒരു ഫോൺ കോളിൽ പ്രവർത്തകർ സ്ഥലത്തു ചെന്ന് പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. കൊവിഡ് പൊസിറ്റീവായി മരിച്ച രണ്ടുപേരുടെ സംസ്കാരം ഏറ്റെടുത്തു നടത്തുന്നതിനും കഴിഞ്ഞു.

അന്യസംസ്ഥാന തൊഴിലാളികൾ, കിടപ്പു രോഗികൾ, വീടുകളിൽ നീരിഷണത്തിൽ കഴിയുന്നവർ എന്നിവർക്ക് പഞ്ചായത്തിൻ്റെ ജനകീയ ഹോട്ടലിൽ നിന്ന് പ്രതികൂല കാലാവസ്ഥയെയും വക വയ്ക്കാതെ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിനും പ്രവർത്തകർ ജാഗരൂകരാണെന്ന് പ്രസിഡൻ്റ് രഞ്ജു സി.നായർ, സെക്രട്ടറി ടി.അനിൽകുമാർ എന്നിവർ പറഞ്ഞു.അടിയന്തര ഘട്ടങ്ങളിൽ ആളുകളെ ആശുപത്രിയിൽ എത്തിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തകരായ ജെറി, ശ്രീജിത്ത് ഉണ്ണി, ജോയൽ ഇടിക്കുള, ജേക്കബ് , ജിബു, അശ്വിൻ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്.