മലയാലപ്പുഴ : കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളെ തുടർന്ന് കയറ്റുമതി നിലച്ചതോടെ ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ കൈതച്ചക്ക കർഷകർ പ്രതിസന്ധിയിലായി.
വിളവെടുത്തതും പാകമായതുമായ ടൺ കണക്കിന് കൈതച്ചക്ക തോട്ടങ്ങളിൽ കിടന്നു നശിക്കുകയാണ്. ഇത് മൂലം കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാവുന്നത്.
ലോക്ക് ഡൗണും മഴയും കാരണം എ ഗ്രേഡ് കൈതച്ചക്കയുടെ വില പതിനഞ്ചു രൂപയിലേക്കുതാഴ്ന്നു. കഴിഞ്ഞ ലോക്ക് ഡൗൺ സമയത്ത് വില എട്ടു രൂപയായി കുറഞ്ഞിരുന്നു. എന്നാൽ റംസാൻ നോമ്പ് കാലത്ത് വില 60 രൂപയായി ഉയർന്നതാണ്. സംസ്ഥാനത്തിന് പുറത്തു സീസൺ ആരംഭിച്ചതും ലോക്ക് ഡൗണും മൂലം വിളവെടുപ്പിന് തൊഴിലാളികളെ കിട്ടാതെ വന്നതും പ്രതിസന്ധിക്ക് കാരണമായി. തൊഴിലാളികളുടെ കാര്യത്തിൽ ഇളവ് നൽകിയതോടെ ചില തോട്ടങ്ങളിൽ നാമമാത്രമായി വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ഹാരിസൺ മലയാളം പ്ലാറ്റേഷന്റെ എസ്‌സ്റ്റേറ്റുകളിലും മറ്റു ചെറുകിട തോട്ടങ്ങളിലും പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ വൻ തോതിലാണ് കൃഷിയുള്ളത്. പുതിയ റബർ തൈകൾ വളരുന്ന തോട്ടങ്ങളിൽ ഇടവിളയായി നാല് വർഷത്തേക്കാണ് കൈതച്ചക്ക കൃഷി ചെയ്യുന്നത്.
മൂവാറ്റുപുഴ, വാഴക്കുളം സ്വദേശികളാണ് ജില്ലയിലെ കർഷകരിൽ ഏറെയും. ഇവിടെ കർണാടക , മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഗൾഫ് , യൂറോപ്യൻ രാജ്യങ്ങളിലേക്കും ജില്ലയിലെ കൈതച്ചക്ക കയറ്റുമതി ചെയ്തിരുന്നു.
കൈതച്ചക്കയുടെ വില കിലോയ്ക്ക്
15 രൂപയായി കുറഞ്ഞു