ഇലന്തൂർ : ഗ്രാമപഞ്ചായത്ത് കൊവിഡ് ബാധിതർക്കായുള്ള ഡി.സി.സി പ്രവർത്തനമാരംഭിക്കുന്നതിനെ ചൊല്ലി കോൺഗ്രസിലും ഭരണ കക്ഷിയിലും തമ്മിലടി. ഇലന്തൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ അമ്പത് കിടക്കകളുള്ള ഡി.സി.സി ഒരുക്കിയതായി വന്ന വാർത്തയാണ് തർക്കം രൂക്ഷമാകാൻ കാരണം. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഡി.സി.സി ഒരുക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്. ഇലന്തൂർ നഴ്‌സിംഗ് സ്‌കൂൾ, ബി.എഡ് കോളേജ്, കമ്മ്യൂണിറ്റി ഹാൾ എന്നിവ ഏറ്റെടുക്കാൻ നേരത്തെ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചെങ്കിലും നഴ്‌സിംഗ് സ്‌കൂൾ വിട്ടുനൽകുന്നതിൽ ആരോഗ്യ വകുപ്പ് അധികൃതരും ബി.എഡ് കോളേജ് വിട്ടു നൽകുന്നതിന് കോളേജ് അധികൃതരും എതിർപ്പ് പ്രകടിപ്പിച്ചു. കമ്മ്യൂണിറ്റി ഹാൾ വിട്ടു നൽകുന്നതിനും അഭിപ്രായ ഐക്യമുണ്ടായില്ല. ഇലന്തൂരിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടും ഡി.സി.സി ആരംഭിക്കുന്നതിൽ പഞ്ചായത്ത് ഭരണ സമിതി അലംഭാവം കാട്ടുന്നതായി ആരോപിച്ച് സി.പി.എം നേതൃത്വത്തിലുള്ള പ്രതിപക്ഷവും രംഗത്ത് വന്നു. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഏറ്റെടുത്ത് ഡി.സി.സിയ്ക്കായി ഉപയോഗിക്കാൻ തീരുമാനമായത്. അത് കളക്ടർ അനുവദിക്കുകയും ചെയ്തു. ഡി.സി.സിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചപ്പോഴാണ് പഞ്ചായത്ത് അധികൃതർ അറിയാതെ ഡി.സി.സി ഒരുക്കങ്ങൾ പൂർത്തിയായതായി വാർത്ത വന്നത്. അതോടെ വീടുകളിൽ കഴിയുന്ന രോഗികളെ ഡി.സി.സിയിലേക്ക് മാറ്റണമെന്ന്കാട്ടി ഇലന്തൂരിലെ 17പഞ്ചായത്ത് ഹെൽപ് ഡെസ്‌കിലേക്ക് വിളിച്ച് അഭ്യർത്ഥന നടത്തി. ഇതോടെ പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയംഗങ്ങളും വെട്ടിലായി. ഒരുക്കങ്ങൾ പൂർത്തിയായതായി പ്രചാരണം നടത്തിയവർക്കെതിരെ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ രംഗത്ത് വന്നു. കോൺഗ്രസിലും ഇത് ചേരി തിരിഞ്ഞ് തർക്കത്തിനിടയാക്കി.

വാർത്ത വാസ്തവവിരുദ്ധമാണ്. കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഭരണ സമിതിയുടെ കൂട്ടായ ചുമതലയിലും മേൽനോട്ടത്തിലുമാണ് നടന്നു വരുന്നത്. ടോയ്‌ലറ്റിന്റെ നിർമ്മാണം മാത്രമാണ് ആരംഭിച്ചത്. കിടക്കകൾ ഉൾപ്പെടെ മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. പത്ത് ദിവസമെങ്കിലും വേണ്ടിവരും.
മേഴ്‌സി മാത്യു

(ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ്)