അടൂർ : കൊവിഡ് പരിശോധനയിലെ പിഴവുമൂലം യുവാവിന് നഷ്ടമായത് 1.37 ലക്ഷം രൂപയും സൗദിയിലെ ജോലി യും. അടൂരിലെ ഒരു സ്വകാര്യ ലാബിന്റെ അനാസ്ഥമൂലമാണ് അടൂർ കണ്ണംകോട് മംഗലത്ത് പുത്തൻവീട്ടിൽ ലിജോ ചെറിയാന് ദുരനുഭവം ഉണ്ടായത്. അടൂരിൽ മൂന്ന് സ്വകാര്യ ലാബുകളാണ് ആർ. ടി. പി. ആർ. ടെസ്റ്റ് നടത്തുന്നത്. ജനറൽ ആശുപത്രിയുടെ പടിഞ്ഞാറെ മതിൽക്കെട്ടിന് സമീപമുള്ള ഒരു ലാബ് കൊവിഡ് പരിശോധനയ്ക്കായി പ്രത്യേകഇടം കോടതിക്ക് എതിർവശത്തായി തുടങ്ങിയിരുന്നു. 19 ന് പുലർച്ചെ 9.45 ന് സൗദിയിലേക്ക് പോകുന്നതിനായി 48 മണിക്കൂർ മുൻപുള്ള പരിശോധനാ ഫലം ലഭിക്കുന്നതിനായി 17 ന് രാവിലെ പിതൃ സഹോദരനൊപ്പം ലിജോ ചെറിയാൻ ഇവിടെ സാമ്പിൾ നൽകി. ഇതേ വിമാനത്തിൽ പോകാനുള്ളതായിരുന്നു പിതൃ സഹോദരനും. ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശനമില്ലാത്തതിനാൽ ബഹ്റിനിൽ എത്തി അവിടെ 14 ദിവസത്തെ ക്വാറന്റൈന് ശേഷം വേണം സൗദിയിലേക്ക് പോകാൻ. അതിനായി ബഹ്റിൻ വിസയും ഹോട്ടൽ ക്വാറന്റൈൻ ചെലവും ഫ്ളൈറ്റ് ടിക്കറ്റ് ചാർജ്ജും ഉൾപ്പെടെ 1.37,000രൂപ അടച്ച ശേഷമാണ് പരിശോധന നടത്തിയത്. 18 ന് പരിശോധനാ ഫലം വന്നപ്പോൾ പിതൃസഹോദരന്റേത് നെഗറ്റീവും ലിജോ ചെറിയാന്റേത് പോസിറ്റീവുമായിരുന്നു. തുടർന്ന് പിതൃസഹോദരൻ ബഹ്റിനിലേക്ക് പോയി. . സൗദിയൽ ജോലിയുണ്ടായിരുന്ന ലിജോ കഴിഞ്ഞ വർഷം കൊവിഡ് വ്യാപ നത്തെ തുടർന്നാണ് കേരളത്തിലെത്തിയത്. പിന്നീട് മടങ്ങിപ്പോകാൻ കഴിഞ്ഞില്ല. ഏറെ പണിപ്പെട്ടാണ് പുതിയ ജോലിയും വിസയും സംഘടിപ്പിച്ചത്. ജൂലായ് 17 ന് മുമ്പ് എത്താൻ കഴിഞ്ഞില്ലെങ്കിൽ ജോലി നഷ്ടപ്പെടും. സൗദിയിലേക്ക് പ്രവേശിക്കാൻ നിലവിലുള്ള ഏക കവാടം ബഹ്റിൻ മാത്രമാണ്. ഏപ്രിൽ 27 മുതൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പരിശോധനാ ഫലത്തിൽ സംശയം തോന്നി മറ്റ് രണ്ട് ലാബുകളിൽ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവ് ആയിരുന്നു. പക്ഷേ ഇന്നു മുതൽ ബഹ്റിനും ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ എങ്ങനെ ജൂലായ് 17 ന് മുമ്പ് സൗദിയിൽ എത്താൻ കഴിയുമെന്ന സങ്കടത്തിലാണ് ലിജോ.. ലാബിനെതിരെ ആരോഗ്യമന്ത്രി, ജില്ലാ മെഡിക്കൽ ഒാഫീസർ, കളക്ടർ എന്നിവർക്ക് പരാതി നൽകി. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ലാബിലാണ് തങ്ങൾ സാമ്പിളുകൾ അയയ്ക്കുന്നതെന്നും അവിടെ നിന്ന് ലഭിച്ച റിപ്പോർട്ടിൽ ലീജോ പോസറ്റീവായിരുന്നെന്നും ലാബ് അധികൃതർ പറയുന്നു. എന്നാൽ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്താൽ രണ്ട് മണിക്കൂറിനുള്ളിൽ ആരോഗ്യവിഭാഗത്തെ അറിയിക്കണമെന്ന നിർദ്ദേശവും ഇവർ ലംഘിച്ചിരുന്നു.