പത്തനംതിട്ട: സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ് തകർന്ന നരിയാപുരം മഹാദേവർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു. ഇറിഗേഷൻ റവന്യു വകുപ്പ് അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. നദിയോട് ചേർന്ന തകർന്ന സംരക്ഷണഭിത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നദി തീരത്ത് സംരക്ഷണഭിത്തി കെട്ടിയിരുന്നു. ഇത് കാലപ്പഴക്കത്താൽ വിള്ളൽ രൂപപ്പെട്ട് അപകടാവസ്ഥയിലായിരുന്നു. ഇവിടം കെട്ടി സംരക്ഷിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. നദിയുടെ സംരക്ഷണഭിത്തിയും ക്ഷേത്രം നിർമ്മിത കൽക്കെട്ടും ഉൾപ്പെടെയാണ് ഇപ്പോൾ ഇടിഞ്ഞു വീണത്. ക്ഷേത്രത്തിലെ വനദുർഗാ പ്രതിഷ്ഠ ഉണ്ടായിരുന്ന ഉപദേവത ക്ഷേത്രമാണ് വിഗ്രഹം ഉൾപ്പെടെ സമീപത്ത് കൂടി ഒഴുകുന്ന അച്ചൻകോവിലാറ്റിൽ പതിച്ചത്. 2014ൽ പ്രതിഷ്ഠ നടത്തിയ ദേവിക്ഷേത്രം വ്യാഴാഴ്ച രാത്രിയിലെ കനത്ത മഴയെ തുടർന്ന് സംരക്ഷണഭിത്തി തകർന്ന് ആറ്റിലേക്ക് വീഴുകയായിരുന്നു. ദേവി വിഗ്രഹം കണ്ടെത്താൻ ഫയർഫോഴ്‌സ് ശനിയാഴ്ച നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും ലഭിച്ചില്ല. ഏകദേശം 50 മീറ്ററോളം ഭാഗം പുർണമായും നദിയിലിലേക്ക് ഇടിഞ്ഞുതാണിട്ടുണ്ട്. മഴ പെയ്യുന്നതോടെ ബാക്കി ഭാഗങ്ങൾക്കൂടി തകർന്ന് വീഴാവുന്ന നിലയിലാണ്. സമീപത്തെ മഹാദേവ, സുബ്രഹ്മണ്യ ക്ഷേത്രങ്ങളും അപകട ഭീഷണിയിലാണ്. ഇവിടെയുണ്ടായിരുന്ന സേവാപന്തലും തകർന്നു. 15 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.