അരുവാപ്പുലം: കാട്ടുപന്നികളെ ക്ഷുദ്ര ജീവി പട്ടികയിലുൾപ്പെടുത്താൻ പുതിയ സർക്കാരിലൂടെ ഇത്തവണയെങ്കിലും കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കർഷകർ. ജനവാസ മേഖലകളിലെ കൃഷിയിടങ്ങളിൽ ജന ജീവിതത്തിന് ഭീഷണിയാവുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് സംസ്ഥാനത്ത് ആദ്യം അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയിൽ വനപാലകർ നടപ്പാക്കിയിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. 1972ലെ വനനിയമം അനുസരിച്ച് ശല്യക്കാരായ ഏതു ക്ഷുദ്ര ജീവികളെയും വെടിവച്ച് കൊല്ലാം. എന്നാൽ കാട്ടുപന്നികൾ വനനിയമത്തിന്റെ ഷെഡ്യൂൾ മൂന്നിലാണ്. ഇവയെ ഷെഡ്യൂൾ അഞ്ചിൽ ആക്കിയാലേ കൃഷിയിടങ്ങളിൽ ഇറങ്ങി നാശം വരുത്തുമ്പോൾ കർഷകർക്ക് കൊല്ലാൻ കഴിയൂ. ഇതിനായി സംസ്ഥാന സർക്കാർ അപേക്ഷ നൽകിയെങ്കിലും കേന്ദ്രഅനുമതി ലഭിച്ചിരുന്നില്ല. സംസ്ഥാനത്തെ പ്രശ്‌നബാധിത പ്രദേശങ്ങൾ മാത്രം ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ കേന്ദ്രാനുമതി തേടിയാൽ അനുമതി ലഭിക്കുമെന്ന് വനം സെക്രട്ടറി അന്നത്തെ വനം വകുപ്പ് മന്ത്രിയെ ധരിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് വിഷയം വനംമന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തുടർന്ന് സംസ്ഥാന സർക്കാർ കേന്ദ്രാനുമതി തേടിയെങ്കിലും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ശുപാർശ നിവേദനത്തിൽ ഉൾപ്പെടുത്താത്ത കാരണത്താൽ കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. തുടർന്ന് സർക്കാർ പുതിയ അപേക്ഷ സമർപ്പിച്ചെങ്കിലും കേന്ദ്രാനുമതി ലഭിച്ചില്ല. അരുവപ്പുലത്ത് നടപ്പാക്കിയ ഉത്തരവ് സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലും നടപ്പാക്കുമെന്ന് കർഷകർ പ്രതീക്ഷിച്ചെങ്കിലും പിന്നീട് നിരാശയായിരുന്നു ഫലം.
പന്നിമൂട്ടയും വില്ലൻ
സംരക്ഷിത വന്യ ജീവികളുടെ പട്ടികയിൽ നിന്ന് മാറ്റി കാട്ടുപന്നികളെ ക്ഷുദ്ര ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. കാട്ടുപന്നികൾ 115 ദിവസത്തിനുള്ളിൽ പെറ്റ് പെരുകും. കാടുവിട്ട പന്നികൾ നാട്ടിൽ പ്രസവിക്കുന്നതൊടെ അതിന്റെ കുഞ്ഞുങ്ങൾ നാട്ടുപന്നികളായി മാറുന്നു. അവയെ കാട്ടിലേക്ക് അയക്കാനുള്ള സാദ്ധ്യത മങ്ങും. നാശം വരുത്തുന്ന പന്നികളെ കൊല്ലാനുള്ള അവകാശം കർഷകർക്ക് നൽകിയില്ലെങ്കിൽ സമീപ ഭാവിയിൽ കൃഷിയിടങ്ങൾ ഇല്ലാതാവും. പന്നിയുടെ ശരീരത്തിൽ കാണുന്ന പന്നി മൂട്ടയും ഇപ്പോൾ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചു തുടങ്ങി. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാണ് മലയോര മേഖലകളിൽ പന്നിമൂട്ടയും ഉയർത്തുന്നത്.
-----------
കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവ് 2014 ൽ ഇറങ്ങിയിരുന്നു. എന്നാൽ ഇതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ഉത്തരവ് നടപ്പാക്കാനായില്ല. വെടിവയ്ക്കാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് മാത്രമായിരുന്നു അധികാരം. 2019ൽ ഇതു ഭേദഗതി ചെയ്തു. ഇതോടെ ഉത്തരവിടാൻ ഡി.എഫ്. ഒ മാർക്ക് അധികാരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോന്നി ഡി.എഫ്. ഓയുടെ ഉത്തരവ് പ്രകാരം അരുവാപ്പുലത്ത് വനപാലകർ കാട്ടുപന്നിയെ വെടിവച്ചത്.