കോഴഞ്ചേരി : ജില്ലയിലെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധി നേരിടുകയാണ്. കാലിത്തീറ്റയുടെ വില വർദ്ധന, തീറ്റപ്പുല്ലിന്റെ ക്ഷാമം, കാലികളുടെ രോഗം, കറവക്കൂലി വർദ്ധന തുടങ്ങിയവയാണ് കർഷകർ നേരിടുന്ന വെല്ലുവിളികൾ. മഴയും വെള്ളപ്പൊക്കവും കാരണം തീറ്റപ്പുല്ലും ലഭിക്കാതെയായി. കന്നുകാലികളുാട ചികിത്സാ ചെലവും ഏറെയാണ്.
മലബാർ മേഖലയിൽ പാൽ സംഭരണത്തിൽ തുടരുന്ന പ്രതിസന്ധി ജില്ലയിൽ ഇല്ലെന്നാണ് മിൽമാ അധികൃതർ പറയുന്നത്. കർഷകരുടെ അദ്ധ്വാനത്തിനും ചെലവിനും അനുസരിച്ചുള്ള വില ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. പാലിന് പൊതുവിപണിയിലെ വില ക്ഷീരസംഘങ്ങളിൽ നിന്ന് ലഭിക്കാറുമില്ല.
പാൽ വില (1ലിറ്ററിന് )
പൊതുവിപണിയിൽ : 48.50 രൂ
ക്ഷീരസംഘങ്ങളിൽ : 40 രൂ
കടക്കെണിയിൽ
വായ്പയെടുത്തു കന്നുകാലി വളർത്തൽ നടത്തുന്ന പലരും ഇന്ന് കടക്കെണിയിലാണ്. എന്നാൽ കൊവിഡ് നിയന്ത്രണത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തി ഫാം തുടങ്ങിയവരുടെ എണ്ണം കൂടിയതിനെ തുടർന്ന് പശുക്കൾക്ക് ഡിമാൻഡായി. 10 ലിറ്റർ പാൽ കിട്ടുന്ന പശുവിന് മുമ്പ് 50,000 രൂപയായിരുന്നു വില. ഇപ്പോൾ 75,000 രൂപയായി വർദ്ധിച്ചു. കൊവിഡ് ബാധിച്ച കർഷകരുടെ വീട്ടിൽ നിന്ന് പാൽ ശേഖരിക്കാത്തതും തിരിച്ചടിയാണ്.
കാലിത്തീറ്റയ്ക്കും വലിയ വില
മിൽമ കാലിത്തീറ്റയ്ക്ക് ഉണ്ടായിരുന്ന സബ്സിഡിയും ഇതിനിടെ പിൻവലിച്ചു. മിൽമയുടെ കാലിത്തീറ്റ കിട്ടാനില്ലാത്തത് കാരണം സ്വകാര്യ കമ്പനികളുടെ തീറ്റ വാങ്ങി നൽകാനെ കർഷകർക്കു നിവൃത്തിയുള്ളൂ. അതിനും അടുത്തിടെ ചാക്കിന് 50 രൂപ
വർദ്ധിച്ചു.
ഡേ കെയർ സെന്റർ എവിടെ ?
കന്നുകാലികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ ഡേ കെയർ സെന്ററുകൾ തുടങ്ങുമെന്ന് കൊവിഡിന്റെ ആദ്യ വ്യാപനത്തിൽ സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപടികളായില്ല. കൊവിഡ് ബാധിതരായ കർഷകരുടെ വളർത്തുമൃഗങ്ങളെ ഡേ കെയർ സെന്ററുകളിൽ എത്തിച്ച് തീറ്റയും വെള്ളവും നൽകുന്നതും പാൽ ക്ഷീര സംഘങ്ങളിൽ എത്തിക്കുന്നതുമായിരുന്നു പദ്ധതി. ത്രിതല പഞ്ചായത്തുകളുടെയും മൃഗസംരക്ഷണവകുപ്പിന്റെയും സഹായത്തോടെ എല്ലാ പഞ്ചായത്തുകളിലും ഇത് നടപ്പാക്കാനായിരുന്നു തീരുമാനം. ഇക്കാര്യത്തിൽ പുതിയ സർക്കാരിന്റെ കനിവുതേടുകയാണ് ക്ഷീരകർഷകർ.
" ലോക്ക് ഡൗൺ കാരണം വാഹനനിയന്ത്രണം ഉള്ളതിനാൽ കാലിത്തീറ്റയും മറ്റു അസംസ്കൃത വസ്തുക്കളും വൈക്കോലും എത്താൻ വൈകുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ ഏതാനും പദ്ധതികൾ കൊവിഡ് പ്രോട്ടോക്കോൾ കാരണമാണ് നീണ്ടുപോകുന്നത്. ജൂൺ ആദ്യവാരം മുതൽ പദ്ധതി നടത്തിപ്പിന് വേഗത കൈവരുമെന്നാണ് പ്രതീക്ഷ.
ആർ. സിന്ധു, ഡെപ്യൂട്ടി ഡയറക്ടർ,
ക്ഷീര വികസന വകുപ്പ് , പത്തനംതിട്ട