പള്ളിക്കൽ : യൂത്ത് കോൺഗ്രസ് പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയറിന്റെ ഭാഗമായി 24 മണിക്കൂറും സേവനം ലഭിക്കുന്ന വാഹനസർവീസ് ആരംഭിച്ചു. സ്വന്തമായി വാഹനം ഇല്ലാത്തതിന്റെ പേരിൽ കൊവിഡ് കാലത്ത് ആശുപത്രികളിൽ പോകുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാനാണ് വാഹനം ക്രമീകരിച്ചത്. ഇതു കൂടാതെ കൊവിഡ് ഹെൽപ്പ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരായവരുടെ വീടുകളിലെ അണുനശീകരണം,രക്തദാനം, കിറ്റ് വിതരണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ യൂത്ത് കെയറിന്റെ ഭാഗമായി നടത്തുന്നു. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ജയപ്രകാശ് തെങ്ങമം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, വാഴുവേലിൽ രാധാകൃഷ്ണൻ, രാഹുൽ മാങ്കൂട്ടം, വിമൽ കൈതയ്ക്കൽ, ആബിദ് ഷെഹീം, രതീഷ് സദാനന്ദൻ, എന്നിവർ സംസാരിച്ചു.